തൊഴിലാളികളുടെ മുഖ്യൻ സി.കെ
Monday, April 23, 2018 12:55 PM IST
പരുക്കൻ ശബ്ദ ത്താലും മുറിപ്പാടുള്ള നെറ്റിയിലെ നേരിയ ചലനം കൊണ്ടുപോലും ക്രൗര്യവും വാത്സല്യവും ഒരുപോലെ പകർന്ന്, അനായാസ അഭിനയശൈലികൊണ്ടു മലയാളിത്തത്തിന്റെ പൗരുഷഭാവത്തിന്റെ പര്യായമായി തീർന്ന മഹാനടനാണു മുരളി. നാടകവേദിയിൽ നിന്നെത്തി വെള്ളിത്തിരയിൽ അഭിനയ വൈവിധ്യവും കരുത്തും തന്റെ ഓരോ കഥാപാത്രത്തിലൂടെയും സൃഷ്ടിക്കുന്നതിനു മുരളിക്കു കഴിഞ്ഞിരുന്നു. വില്ലനായി അരങ്ങേറി പിന്നീട് സ്വഭാവ നടനായും നായകനടനായും മാറ്റി നിർത്താനാവാത്ത വിധം മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു മുരളി.
മികച്ച നടനുള്ള ദേശീയ- സംസ്ഥാന പുരസ്കാരമടക്കം മുരളിയെ തേടിയെത്തിയ നേട്ടങ്ങളെല്ലാം ആ അഭിനയ മികവിന്റെ അനുഭവ സാക്ഷ്യത്തിനുള്ളതാണ്. ചമയം, വെങ്കലം, ചകോരം, താലോലം, അമരം, കാരുണ്യം, ലാൽസലാം തുടങ്ങി പുലിജ·ം വരെ മലയാളികളുടെ ഹൃദയത്തിൽ ആഴത്തിൽ സ്പർശിച്ച നിരവധി കഥാപാത്രങ്ങൾ. അത്തരത്തിൽ ഏറെ സങ്കീർണമായ കഥാഗതിയിലൂടെ സഞ്ചരിച്ച മുരളിയുടെ മറ്റൊരു ചിത്രമായിരുന്നു സത്യപ്രതിഞ്ജ. എസ്.എൽ പുരം സദാനന്ദന്റെ രചനയിൽ 1992-ൽ സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു അത്. മുഖ്യമന്ത്രി സി.കെ അച്യുതൻ നായരെന്ന കഥാപാത്രമായാണ് ചിത്രത്തിൽ മുരളി എത്തിയത്. സുരേഷ് ഗോപി, ഗീത, ഉർവശി, സായികുമാർ, ജനാർദ്ദനൻ എന്നിങ്ങനെ വലിയ താരനിരയും ചിത്രത്തിലെത്തിയിരുന്നു.
മലയാളത്തിലെ എണ്ണപ്പെട്ട രാഷ്ട്രീയ ചിത്രങ്ങളിൽ സത്യപ്രതിഞ്ജയും ഉൾപ്പെടുന്നു. ആലപ്പുഴയുടെ പശ്ചാത്തലത്തിൽ കയർ തൊഴിലാളികളുടെ ഇടയിൽ നിന്നുമാണ് മുരളിയുടെ കഥാപാത്രം എത്തുന്നത്. സംശുദ്ധമായ രാഷ്ട്രീയ ജീവിതവും ആദർശവുമാണ് സഖാവ് സി.കെ അച്യുതൻ നായരുടേത്. അതുകൊണ്ടുതന്നെ സ്വന്തപക്ഷത്തും പ്രതിപക്ഷത്തും പലരുടേയും കണ്ണിലെ കരടാണ് അദ്ദേഹം. എന്നാൽ പാർട്ടിയുടെ നല്ല ഭാവിക്കും ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുന്നതിനുമായുള്ള പാച്ചിലിൽ പലപ്പോഴും സ്വകാര്യ ദുഖങ്ങളാണ് അദ്ദേഹത്തിനു കൂട്ടായി മാറിയത്.
തൊഴിലാളികളുടെ പ്രശ്നത്തിനായി പലപ്പോഴായി ജയിലിൽ കിടന്നിട്ടുള്ളയാളാണ് സി.കെ. അദ്ദേഹത്തിന്റെ സുഹൃത്തായിരുന്ന ശ്രീധരനാണ് തൊഴിലാളികളുടെ ഇന്നത്തെ നേതാവ്. പോലീസിന്റെ ഉപദ്രവത്തിൽ തന്നെ രക്ഷിക്കാനായി സ്വയം ബലിയാടായ ശ്രീധരനോട് എന്നും സി.കെയ്ക്കു സ്നേഹമാണ്. അന്നു നഷ്ടപ്പെട്ടതാണ് ശ്രീധരന്റെ വലത് കൈ. അന്നാൽ മുഖ്യമന്ത്രിയായിട്ടും താൻ വളർന്നു വന്ന തൊഴിലാളികളുടെ പ്രശ്നം മാത്രം പരിഹരിക്കാനാവാത്തത് അദ്ദേഹത്തെ വേദനിപ്പിച്ചു. തന്റെ സുഹൃത്ത് ശ്രീധരന്റെ വീട്ടിൽ പോലും പട്ടിണിയെന്നത് അദ്ദേഹത്തെ അലട്ടി.
എന്നാൽ നാടു നന്നാക്കിയപ്പോൾ സി.കെ എന്തു നേടി? മക്കളെ തരാൻ കഴിയാത്ത തന്നെ ഉപേക്ഷിച്ചു പൊയ്ക്കൊള്ളാൻ അയാൾ തന്റെ ഭാര്യ സുമയോടു പറഞ്ഞിട്ടുണ്ട്. എങ്കിലും ഭാര്യയായിരുന്നു അയാൾക്കെന്നും ധൈര്യം. അനിയൻ ഗോപൻ വഴിപിഴച്ചു പോയതാണ് മറ്റൊരു ദുഃഖം. അപ്പോഴും സഹോദരി ശ്രീക്കുട്ടിയും അമ്മയും സന്തോഷവതിയെന്നതിൽ അയാൾ ആശ്വസിച്ചു. എന്നാൽ തന്റെ സഹോദരി വിവാഹത്തിനു മുന്പുതന്നെ ഗർഭിണിയായത് അയാളെ തളർത്തി. എന്നിട്ടും വീണുപോയില്ല. മക്കളില്ലാത്ത താൻ സഹോദരിയേയും കുഞ്ഞിനേയും നോക്കുമെന്ന് അയാൾ ഉറപ്പിച്ചു പറഞ്ഞു. കാരണം ശ്രീക്കുട്ടിയെ മുൻ നിർത്തി കാമുകന്റെ അച്ഛൻ നടത്തിയ വിലപേശലൊന്നും അയാൾ അംഗീകരിച്ചിരുന്നില്ല. പക്ഷേ, അയാളെ പോലും തോൽപിച്ച് ശ്രീക്കുട്ടി ആത്മഹത്യ ചെയ്തു.
അപ്പോഴും തന്റെ ദുഃഖം സ്വകാര്യമായി മാത്രം കണ്ടു. എന്നാൽ ശത്രുക്കൾ ഗോപനിലൂടെ അയാളെ വീഴ്ത്താൻ കരുക്കൾ നീക്കി. ശ്രീധരനും തൊഴിലാളികളും നടത്തുന്ന പ്രകടനത്തിലേക്കു ഗോപൻ ബോംബെറിയുന്നു. പ്രകോപിതരായ ജനത്തിനു നേരെ പോലീസിനു നിറയൊഴിക്കേണ്ടി വന്നു. അവിടെ സി.കെയുടെ പോലീസ് നടത്തുന്ന വെടിവയ്പിൽ മരിച്ചു വീണത് ശ്രീധരനായിരുന്നു. നാട്ടുകാരും സ്വന്തക്കാരും ശത്രുക്കളാകുന്നിടത്ത് തന്റെ അധികാര കസേര വലിച്ചെറിഞ്ഞ് ശ്രീധരന്റെ ജീവനറ്റ ശരീരം കാണാനായി സി.കെ എത്തി. ജനങ്ങളുടെ നേതാവ് അവരിലേക്കു തന്നെ ഇറങ്ങിച്ചെല്ലുകയായിരുന്നു അവിടെ... തന്റെ ജീവിതത്തിലും പ്രവർത്തിയിലും ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുമെന്ന സത്യപ്രതിഞ്ജയിൽ സഖാവ് സി.കെ എന്നും ഉറച്ചു നിന്നിരുന്നു.
ഭാവാഭിനയത്തിലും ശരീരഭാഷയിലും ശബ്ദവിന്യാസത്തിലുമായി മുരളി സൃഷ്ടിച്ചെടുത്ത അഭിനയലോകം തന്റെ ഓരോ കഥാപാത്രങ്ങളിലൂടെ ഇന്നും മലയാളികൾക്കു ദർശിക്കാനാകും.
തയാറാക്കിയത്: അനൂപ് ശങ്കർ