ജനപ്രിയനായ കുഞ്ഞച്ചൻ
Friday, March 23, 2018 3:16 PM IST
അച്ചായൻ കഥാപാത്രങ്ങൾ പലകുറി പയറ്റിത്തെളിഞ്ഞ മണ്ണാണ് മലയാള സിനിമ. താര രാജക്കന്മാരെല്ലാവരും അച്ചായൻ കഥാപാത്രമായെത്തി മലയാളികളുടെ മനസ് കീഴടക്കിയിട്ടുമുണ്ട്. മോഹൻലാലിന്റെ ആടുതോമയ്ക്കും സുരേഷ് ഗോപിയുടെ ആനക്കാട്ടിൽ ചാക്കോച്ചിക്കുമൊപ്പം നിൽക്കാൻ മമ്മൂട്ടിക്കു നിരവധി അച്ചായൻ കഥാപാത്രങ്ങളാണ്. സംഘത്തിലെ കുട്ടപ്പായിയും കിഴക്കൻ പത്രോസിലെ പത്രോസും ഒരു മറവത്തൂർ കനവിലെ ചാണ്ടിച്ചായനുമൊക്കെ ഇന്നും പ്രേക്ഷക മനസിൽ നിൽക്കുന്നുണ്ട്. എന്നാൽ ഈ അച്ചായൻ കഥാപാത്രങ്ങളേക്കാളൊക്കെ ആരാധകവൃന്ദമുള്ള കോട്ടയം കുഞ്ഞച്ചൻ ഇന്നും ജനപ്രിയനാണ്.
1990-ൽ തിയറ്ററുകളിൽ തരംഗം സൃഷ്ടിച്ച കോട്ടയം കുഞ്ഞച്ചൻ ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ ടി.എസ് സുരേഷ് ബാബു സംവിധാനം ചെയ്ത ചിത്രമായിരുന്നു. ടൈറ്റിൽ കഥാപാത്രമായ കുഞ്ഞച്ചനായി മമ്മൂട്ടി നിറഞ്ഞാടിയപ്പോൾ അതു പുത്തൻ നായക സങ്കൽപമായി മാറി. പക്കാ റൗഡിയും ജയിൽ പുള്ളിയുമായിരുന്ന കുഞ്ഞച്ചൻ പുതിയ നാട്ടിലെത്തുന്പോഴുള്ള സംഭവ ബഹുലമായ കഥയായിരുന്നു ചിത്രം പറഞ്ഞത്. ഹീറോയിസത്തിൽ നിന്നുകൊണ്ട് കുഞ്ഞച്ചൻ അക്കാലത്തെ ആബാലവൃന്ദം ജനങ്ങളുടേയും ഇഷ്ടം നേടി. അത് 28 വർഷത്തിനു ശേഷ ഇന്നും തുടരുന്നതാണ് കഥാപാത്രത്തിന്റെ വിജയം. പിന്നീട് പല തവണ മമ്മൂട്ടി അച്ചായൻ കഥാപാത്രമായി എത്തിയെങ്കിലും പ്രേക്ഷകർ എന്നും പ്രഥമ സ്ഥാനത്ത് പ്രതിഷ്ഠിച്ചിട്ടുള്ളത് കോട്ടയം കുഞ്ഞച്ചനെയാണ്.
മമ്മൂട്ടിക്കൊപ്പം ഇന്നസെന്റ്, സുകുമാരൻ, കെപിഎസി ലളിത എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ച ചിത്രത്തിൽ രഞ്ജിനിയാണ് മോളിക്കുട്ടി എന്ന നായികയായി എത്തിയത്. ജയിലിൽ നിന്നുമെത്തി പഴയ ഇടപാടുകാരനുമായി കശപിശ സൃഷ്ടിക്കുന്ന കുഞ്ഞച്ചൻ തന്നെ വളർത്തിയ വികാരിയച്ചന്റെ നിർദ്ദേശപ്രകാരമാണ് ഓടങ്കര എന്ന ഗ്രാമത്തിലെത്തുന്നത്. മിഖായേലിന്റെയും ഏലിയാമ്മയുടെയും വീടിനോടു ചേർന്നുള്ള വാടക വീട്ടിലാണ് താമസം. മിഖായേലിന്റെ പെണ്മക്കളാണ് മോളിക്കുട്ടിയും സൂസിയും.
പുതിയ ഡ്രൈവിംഗ് സ്കൂളും ടെക്നിക്കിൽ ഇൻസ്റ്റിറ്റ്യൂട്ടുമായി പോകുന്ന കുഞ്ഞച്ചൻ നാട്ടിലെല്ലാവർക്കും പ്രിയങ്കരനായി. കയ്യൂക്കും തമാശ നിറഞ്ഞ സംഭാഷണവുമായൊക്കെ യായി നിറഞ്ഞു നിൽക്കുകയാണ് കുഞ്ഞച്ചൻ. പള്ളിപ്പെരുന്നാളിന്റെ രാത്രിയിൽ കാഞ്ഞിരപ്പള്ളി പാപ്പന്റെ മകൻ ജിമ്മിയുടെ കയ്യിൽ നിന്നും കുഞ്ഞച്ചൻ മോളിക്കുട്ടിയെ രക്ഷിക്കുന്നുമുണ്ട്. എങ്കിലും മോളിക്കുട്ടിക്ക് കുഞ്ഞച്ചനെ അത്ര ഇഷ്ടമല്ല. പക്ഷേ, മോളിക്കുട്ടിയോട് ഒരു അടുപ്പം കുഞ്ഞച്ചനു തോന്നിയിരുന്നു. മോളിക്കുട്ടിക്കു വേണ്ടി അവൾക്കു വരുന്ന വിവാഹ ആലോചനക്കാരെ കുഞ്ഞച്ചൻ ആക്ഷേപിച്ച് പറഞ്ഞു വിടുന്നുണ്ട്. അതോടെ മിഖായേലിന്റെയും ഏലിയാമ്മയുടേയും അനിഷ്ടത്തിനിടയായി. ഏലിയാമ്മയുടെ സഹോദരങ്ങളായ ഉപ്പുകണ്ടം സഹോദരങ്ങളുമായും കുഞ്ഞച്ചൻ ഏറ്റുമുട്ടുന്നു.
ഇതിനിടയിൽ കാഞ്ഞിരപ്പള്ളി ജിമ്മി മിഖായേലിനേയും ഉപ്പുകണ്ടം കോരയേയും കൊലപ്പെടുത്തി കുഞ്ഞച്ചന്റെ മേൽ പഴിചാർത്തുന്നു. മോളിക്കുട്ടിയുടെ നിസാഹയത കണ്ട കുഞ്ഞച്ചൻ അവരെ സഹായിക്കാൻ പുറപ്പെടുന്നു. ജിമ്മി മോളിക്കുട്ടിയേയും സൂസിയേയും തട്ടിക്കൊണ്ടു പോകുന്നുവെങ്കിലും കുഞ്ഞച്ചൻ അവരെ രക്ഷിക്കുന്നു. മോളിക്കുട്ടിക്കും കുഞ്ഞച്ചനെ ഇഷ്ടമാകുന്നതോടെ അവരുടെ വിവാഹം നടത്താൻ ഉപ്പുകണ്ടം സഹോദരങ്ങളും ഏലിയാമ്മയും തീരുമാനിക്കുന്നു.
ചിത്രത്തിന്റെ ഏറ്റവും ആകർഷണീയമായ ഘടകം കോട്ടയം ഭാഷയായിരുന്നു. മലയാള ഭാഷയുടെ പശ്ചാത്തല ഭൂമികയ്ക്കനുസരിച്ച് പ്രാഗത്ഭ്യം കാണിക്കുന്ന മമ്മൂട്ടിയുടെ മികവ് മലയാളികൾക്കറിയാവുന്നതാണ്. പ്രാദേശികഭാഷ പരിചയമാക്കുന്നതിൽ കുഞ്ഞച്ചൻ നേടിയ അസൂയാവഹമായ വിജയം ചിത്രത്തിനു മിഴിവായി. "പടം തുടങ്ങുന്നതിനു മുന്പ് മമ്മൂട്ടി മുഴുവൻ സ്ക്രിപ്റ്റും വാങ്ങിയിരുന്നു. അതിൽ അഭിനയിച്ച പല ആളുകളെയും കോട്ടയം ഭാഷ പഠിപ്പിച്ചത് മമ്മൂട്ടിയായിരുന്നു’- തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് തന്നെ പറയുന്നു. മദ്യപിച്ച് മിഖായേലിന്റെ വീട്ടിലെത്തി ചീത്തവിളിക്കുന്നതും "അയ്യേ, ഇവനാണോ പരിഷ്കാരി’ എന്നു ചോദിക്കുന്ന സന്ദർഭവുമൊക്കെ മമ്മൂട്ടിയുടെ പ്രകടനംകൊണ്ടു ഗംഭീരമായി.
കോട്ടയം കുഞ്ഞച്ചന്റെ പ്ലോട്ട് ഒരുക്കിയത് മുട്ടത്തു വർക്കിയുടെ വേലി എന്ന നോവലിൽ നിന്നുമാണ്. വേലിയിലെ വില്ലൻ കഥാപാത്രത്തിൽ നിന്നും അംശങ്ങൾ ഉൾക്കൊണ്ടാണ് കുഞ്ഞച്ചനെ സൃഷ്ടിച്ചിരിക്കുന്നത്. തലയിൽ കെട്ടും ജുബ്ബയും ഒരുകൈയിലുയർത്തിപ്പിടിച്ച വേഷ്ടിയുമായി കുഞ്ഞച്ചൻ സ്റ്റൈലുതന്നെ അക്കാലത്ത് ഈ കഥാപാത്രം സൃഷ്ടിച്ചിരുന്നു. പ്രേക്ഷകർ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്ന കഥാപാത്രങ്ങളിൽ മുൻ പന്തിയിലാണ് കോട്ടയം കുഞ്ഞച്ചന്റെ സ്ഥാനം.
തയാറാക്കിയത്: അനൂപ് ശങ്കർ