ജീവിതങ്ങളെ തൊട്ടുതലോടുന്ന ചാർലി
Thursday, March 15, 2018 5:42 PM IST
ഒരു കാറ്റായും കടലായും മായയായും മരീചികയായും ചാർലി പല ജീവിതങ്ങളിൽ മിന്നി മറയാറുണ്ട്. അതു ചിലപ്പോൾ ഒരു നിമിഷമാകാം, ഒരു ദിവസമാകാം, പല സന്ദർഭങ്ങളിലൂടെയാകാം. പക്ഷെ, അതുമതി ചാർലിയെ ആ ജിവിതങ്ങൾ എന്നും ഓർത്തിരിക്കാൻ. മലയാളി പ്രേക്ഷകർ 2015 ക്രിസ്മസ് കാലയളവുമുതൽ ഓർത്തിരിക്കുന്നതാണ് മായാവി പോലെ പറന്നു നടക്കുന്ന ചാർലിയെ. ദുൽഖർ സൽമാന്റെ സിനിമ ജീവിതത്തിലെ ഏറ്റവും ആകർഷണീയവും മറക്കാനാവാത്തതുമായ കഥാപാത്രമാണ് ചാർലി. ആ ചാർലി തൊട്ടു തലോടിപ്പോയ ജീവിതങ്ങളിലൂടെയായിരുന്നു മാർട്ടിൻ പ്രക്കാട്ടിന്റെ "ചാർലി' എന്ന ചിത്രം സഞ്ചരിക്കുന്നത്.
കരിയറിൽ പുതുമയുള്ള പല കഥാപാത്രങ്ങൾക്കു ജീവൻ പകരുന്ന യുവതാരമാണ് ദുൽഖർ സൽമാൻ. എന്നാൽ ദുൽഖറിന്റെ ഏറെ ആരാധകരുള്ള കഥാപാത്രം ചാർലി തന്നെയാണ്. ഉണ്ണി ആർ. രചന ഒരുക്കിയ ചിത്രത്തിൽ അത്ര ശോഭയാൽ, ഭാവപ്രകടനപരമായ വിധത്തിൽ തന്റെ കഥാപാത്രത്തിനു ജീവനും തേജസും പകരുന്നതിൽ ദുൽഖർ സൽമാൻ വിജയിച്ചു. ചാർലിയിലൂടെ സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള പുരസ്കാരവും ദുൽഖർ സൽമാൻ ആദ്യമായി നേടിയിരുന്നു. ദുൽഖറിനൊപ്പം തന്നെ പാർവതിയുടെ ടെസ എന്ന കഥാപാത്രവും ചിത്രത്തിലൂടെ ഏറെ ശ്രദ്ധ നേടിയതാണ്. മലയാളത്തിനു പുറമെ മറ്റുഭാഷകളിൽ പോലും ശ്രദ്ധ നേടാൻ ദുൽഖറിന്റെ ചാർലിക്കു കഴിഞ്ഞിരുന്നു.
ടെസയിലൂടെയാണ് ചാർലിയെ പ്രേക്ഷകർ അറിഞ്ഞു തുടങ്ങുന്നത്. പുതുതായി അവൾ താമസിക്കാനെത്തുന്നിടത്ത് മുൻപു താമസിച്ചിരുന്ന ആളിന്റെ പല സാധനങ്ങൾ നിറഞ്ഞുകിടന്നു. അതൊക്കെ അടുക്കി വയ്ക്കുന്നതിലൂടെയാണ് അയാളിലേക്കു കൂടുതൽ ശ്രദ്ധ അവൾ കൊടുക്കുന്നത്. സഞ്ചാരപ്രിയനായി പലപ്പോഴും യാത്രയിലായിരുന്ന അയാളുടെ സാധനങ്ങളിലൂടെ ചാർലിയെ അറിഞ്ഞു തുടങ്ങുന്നു. ജീവിതത്തിൽ മുന്നിലെത്തുന്നവരുടെ ചിത്രങ്ങൾ വരച്ച് സൂക്ഷിച്ചുവയ്ക്കുന്നയാളാണ് ചാർലി. ഉത്തരവാദിത്വങ്ങളൊന്നുമില്ലാതെ പറന്നു നടക്കുകയാണയാൾ. പിന്നീട് പല ജീവിതത്തിലൂടെ ചാർലിയെ അറിഞ്ഞു തുടങ്ങുന്നു. തനിക്കിഷ്ടമുള്ള പേരു മറ്റുള്ളവരെ വിളിക്കുന്ന, സമ്മതമില്ലാതെ തന്നെ അവരുടെ ജീവിതത്തിലേക്കെത്തി ആശ്വാസമാകുന്ന തുടങ്ങി പറഞ്ഞാൽ തീരാത്തവിധം പ്രത്യേകതകൾ നിറഞ്ഞതാണ് ചാർലിയുടെ ജീവിതം.
മറ്റുള്ളവരുടെ ജീവിതത്തിലേക്കു ഇടിച്ചുകേറിച്ചെന്ന്, അപ്രതീക്ഷിതമായി അവർക്ക് ആനന്ദം പകരുന്പോൾ അവരുടെ മുഖത്തുണ്ടാകുന്ന പുഞ്ചിരിയും ആനന്ദവും മാത്രമാണ് ചാർലിക്കു വേണ്ടത്. കനിയിലേക്കെത്തുന്പോഴാണ് ചാർലിയെപ്പറ്റി കൂടുതലായി ടെസ അറിയുന്നത്. എല്ലാം നഷ്ടപ്പെട്ടു ജീവനൊടുക്കാനാരുങ്ങുന്പോൾ അവൾ പോലുമറിയാതെയെത്തി രക്ഷിച്ച് ഹൈറേഞ്ചിലെ ഒരു ഗ്രാമത്തിൽ പുതിയ ജീവിതം കനിക്കു നൽകുന്നത് ചാർലിയാണ്. ക്യൂൻ മേരിയുടെ നശിച്ചു പോയ ജീവിതത്തിലെ അവസാനത്തെ ആഗ്രഹമായ മത്സ്യകന്യകയെ കാണിക്കാൻ കൊണ്ടുപോകുന്നതും അവൾ മരണത്തിലേക്കു പോകുന്പോൾ പൊട്ടിക്കരയുന്നതും അയാളാണ്. മേരിയുടെ മകളെ കഴുകന്മാരുടെ കൈയിൽ നിന്നും രക്ഷിച്ച് പുതിയ സുരക്ഷിത ജീവിതം അവൻ ഉറപ്പുവരുത്തുന്നു.
വാർധക്യത്തിന്റെ ഏകാന്ത ജീവിതത്തിൽ നിന്നും ഒരുപറ്റം വൃദ്ധന്മാർക്കു താങ്ങായി മാറി കനിയേയും മേരിയുടെ മകളേയും ആ നാട്ടിലേക്കാണ് അവൻ കൊണ്ടുവരുന്നത്. കുഞ്ഞപ്പൻ ചേട്ടന്റെ നഷ്ട പ്രണയിനിയെ വർഷങ്ങൾക്കുശേഷം കുഞ്ഞപ്പൻ ചേട്ടന്റെ മുന്നിൽ കൊണ്ടു നിർത്തുന്നതുമൊക്കെ ചാർലിയാണ്. എങ്കിലും തനിക്കു പിന്നാലെയുള്ള ടെസ്സയുടെ മുന്നിൽ മാത്രം അവൻ മനപ്പൂർവമായി പ്രത്യക്ഷപ്പെടുന്നില്ല. ടെസ്സ അവളറിയാതെ തന്നെ ചാർലിയിലേക്ക് അഭിരമിച്ചു പോവുകയായിരുന്നു. അവളുടെ മുന്നിൽ പ്രത്യക്ഷപ്പെടാത്തവിധം ഒരു ജിന്നായി അവൻ മറഞ്ഞു നിന്നു. കാരണം അവർ കാണേണ്ട സമയം ആയിട്ടില്ലെന്ന് അവനറിയാമായിരുന്നു.
ഒടുവിൽ തൃശൂർ പൂരത്തിന്റെ ഒത്ത നടുക്ക് അവർക്കു കാണാൻ അവസരമുണ്ടാകുന്നു. മറ്റൊരു പേരു പറഞ്ഞ് കബളിപ്പിക്കാൻ നോക്കുന്ന ടെസ്സയെ, വീടുവിട്ടുവരുന്ന ദിവസം മുതൽ താനൊപ്പമുണ്ടായിരുന്നെന്നു ചാർലി അവൾക്കു കാണിച്ചു കൊടുക്കുന്നു. അതിനു ശേഷം അവർ പരസ്പരം ടെസ്സയായും ചാർലിയായും പരിചയപ്പെട്ടു. പിന്നീടുള്ള ചാർലിയുടെ യാത്രയിൽ ടെസ്സയും ഒപ്പമുണ്ടായിരുന്നു.
നോക്കിലും വാക്കിലും ശരീരഭാഷയിലും കുതിരയ്ക്കൊപ്പമുള്ള ഓട്ടത്തിലുമൊക്കെയായി ആകർഷകമായും അയത്നലളിതമായും പ്രതേകമായൊരു ദൃശ്യസുഖം നൽകുന്നതാണ് ദുൽഖറിന്റെ ചാർലി. അവൻ ആകാശത്തേക്കു പറക്കുകയാണ്. പല ജീവിതങ്ങളെ തഴുകിക്കൊണ്ട്..
തയാറാക്കിയത്: അനൂപ് ശങ്കർ