സലീമിനെപ്പോലെ ശന്തനുവും
Thursday, March 1, 2018 4:48 PM IST
പ്രണയത്തിന്റെ നോവു പകരുന്നതായിരുന്നു സലിമിന്റെയും അനാർക്കലിയുടേയും ജീവിതം. പ്രണയത്തിനൊടുവിൽ സലിം ജഹാംഗീറാകുന്പോൾ അനാർക്കലി എന്തുനേടി എന്നതു ചോദ്യത്തിനു മരണത്തിലൂടെ അനാർക്കലി സലീമിനെ അനശ്വരമാക്കുകയായിരുന്നു എന്നതാണ് മറുപടി. സലിം എന്ന വാക്കിന്റെ അർത്ഥം ശാന്തനായവൻ എന്നാണ്. അനാർക്കലിയുടെ യഥാർഥ പേര് നാദിറ എന്നും. കാലം കഴിഞ്ഞപ്പോൾ ശാന്തനുവും നാദിറയും വീണ്ടും കണ്ടുമുട്ടി. പ്രണയത്തിന്റെ നെരിപ്പോട് അവർക്കുള്ളിൽ കത്തിയെരിയുന്പോഴും കാത്തിരിക്കാനായിരുന്നു വിധി. കണ്ണും കാതും മൈലുകൾക്കപ്പുറത്തേക്കു മാഞ്ഞപ്പോഴും മനസുകൊണ്ട് ഒന്നായി. ഏതോ കോണിലു ള്ള തന്റെ പ്രണയിനിയെ കാത്തിരുന്ന സലീമിനെപോലെ ലക്ഷദ്വീപിൽ ശാന്തനുവും.
പൃഥ്വിരാജ് പ്രണയ നായകനായ കഥാപാത്രങ്ങൾ നിരവധിയുണ്ടെങ്കിലും എവിടൊക്കെയോ യാഥാർഥ്യവുമായി അടുത്തു നിൽക്കുന്ന കഥാപാത്രമാണ് ശാന്തനു. ഒരാൾക്കു മറ്റൊരാൾക്കു വേണ്ടി ഒന്നും പ്രതീക്ഷിക്കാതെ ഇത്രമാത്രം കാത്തിരിക്കാൻ സാധിക്കുമോ എന്നതിനുത്തരമായിരുന്നു ശാന്തനുവും നാദിറയും. 2015-ൽ തിരക്കഥാകൃത്തായ സച്ചി ആദ്യമായി സംവിധാനം ചെയ്ത അനാർക്കലിയിലെ പൃഥ്വിരാജിന്റെ കേന്ദ്രകഥാപാത്രമായിരുന്നു ശാന്തനു. അവന്റെ പ്രണയിനി നാദിറയായി പ്രിയാൽ ഗോറുമെത്തി. ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിൽ ലളിതമായൊരു പ്രണയ കാവ്യമായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരുപക്ഷെ, സമുദ്രത്തിനേക്കാൾ ആഴമേറിയ ശാന്തനുവിന്റെ പ്രണയത്തിനെ അവതരിപ്പിക്കാൻ അതിനോളം അനുയോജ്യമായ സ്ഥലവും വേറെയില്ല.
ഡൈവിംഗ് ഇൻസ്ട്രക്ടറായി ലക്ഷദ്വിപിലേക്കെത്തുകയാണ് ശാന്തനു. കൂട്ടുകാരൻ സക്കറിയെ കണ്ടെത്തി നാദിറയെക്കുറിച്ച് അറിയാനുള്ള വഴികൾ തേടണം. നേവിയിലെ ഉദ്യോഗസ്ഥരായിരുന്നു ശാന്തനുവും സക്കറിയയും. മേലാധികാരി ജാഫർ ഇമാമിന്റെ മകളായ നാദിറയുമായി ശാന്തനു ഇഷ്ടത്തിലാകുന്നു. അവർ പരസ്പരം ചുംബിക്കുന്നതു കാണുന്ന ഇമാം ശാന്തനുവിനും സക്കറിയായ്ക്കുമെതിരെ കുറ്റം ചുമത്തുന്നു. കോർട്ട് മാർഷ്യലിലാണ് നാദിറയ്ക്കു പതിനഞ്ചു വയസുമാത്രമെന്നത് തിരിച്ചറിയുന്നത്. എന്നാൽ അവളുടെ സ്നേഹത്തിന്റെ ആഴം അവനറിയാമായിരുന്നു. നേവിയിൽ നിന്നും പിരിഞ്ഞു പോരേണ്ടി വരുന്നതോയെ സക്കറിയായും ശാന്തനുവും രണ്ടുവഴിക്കായി. അഞ്ചു വർഷത്തിശേഷം നാദിറയും ശാന്തനുവും വീണ്ടും കണ്ടുമുട്ടി. എന്നാൽ ഇമാം അവനെ അംഗീകരിച്ചിരുന്നില്ല. അപ്പായുടെ സമ്മതമില്ലാതെ താൻ ശാന്തനുവിനൊപ്പം പോകില്ലെന്നത് നാദിറയുടേയും തീരുമാനമായിരുന്നു. അവൾക്കു വേണ്ടി കാത്തിരിക്കേണ്ടതായിരുന്നു വീണ്ടും അവന്റെ വിധി.
ഇരുപത്തഞ്ചു വയസിൽ നിന്നും കാത്തിരിപ്പ് തുടങ്ങിയിട്ട് ഇപ്പോൾ പ്രായം നാല്പതാകുന്നു. നാദിറ തന്നെ കണ്ടെത്തുന്നതിനായി പത്രത്തിൽ പടം വരാനായി മുന്പ് ആഴക്കടലിൽ നീന്തി റിക്കാർഡിട്ടവനാണ് ശാന്തനു. ലക്ഷദ്വീപിലെ നേവി ഓഫീസറായി നാദിറയുടെ സഹോദരനെ കണ്ടെത്തുന്നുന്പോഴും ഇമാമിന്റെ തീരുമാനത്തിൽ മാറ്റമില്ലെന്നറിയാമായിരുന്നു. ലക്ഷദ്വീപിൽ നിന്നും കരയിലേക്കുള്ള വഴികളെല്ലാം പെട്ടെന്നു അടയുന്നതിനൊടുവിൽ 24 മണിക്കൂറിനുള്ളിൽ കൊച്ചിയിലെത്തിയാൽ താൻ വിവാഹത്തിനു സമ്മതിക്കാമെന്ന് ഇമാം ശാന്തനുവിനെ വിളിച്ചറിയിക്കുന്നു. ശാന്തനു കരയിലേക്കെത്താതിരിക്കാനുള്ള ഇമാമിന്റെ പദ്ധതിയെ തന്റെ ജീവിതം വെച്ചു തന്നെ ശാന്തനു നേരിടുന്നു. എത്തിച്ചേരാനുള്ള വഴികളെല്ലാം അടഞ്ഞപ്പോൾ സക്കറിയയും ചേർന്ന് ആത്മഹത്യ ശ്രമം പദ്ധതിയിടുന്നു. ഹോസ്പിറ്റലിൽ നിന്നും കൊച്ചിയിലേക്ക് ഏറെ പ്രതിബന്ധങ്ങളിൽ ഹെലികോപ്ടറിൽ പോകുന്പോഴാണ് സക്കറിയ പോലും തിരിച്ചറിയുന്നത് ശരിക്കും അത്യാസന്ന നിലയിലാണ് ശാന്തനുവെന്ന്. ഇപ്പോൾ ഒരു തീരുമാനമുണ്ടായാൽ കാത്തിരിപ്പിന് ഷട്ടറിടാമല്ലോ എന്നായിരുന്നു ശാന്തനുവിന്റെയും മനസിൽ. മരണത്തിനെപോലും വകവെക്കാതെത്തുന്ന ശാന്തുവിന്റെ സ്നേഹത്തിനെ അംഗീകരിക്കാതിരിക്കാൻ ഇമാമിനു കഴിഞ്ഞില്ല. ആശുപത്രിക്കിടക്കയിൽ നാദിറ അവന്റെ കൈയിൽ ചേർത്തു പിടിക്കുന്നു.
പ്രണയത്തിന്റെ പേരിൽ ഏറെ നഷ്ടങ്ങൾ സഹിക്കേണ്ടിവന്നവനെങ്കിലും അവന്റെ കാത്തിരിപ്പ് ശക്തമായിരുന്നു. മരണക്കളിയെങ്കിലും കൊച്ചിയിലെത്തിയാൽ ഈ കാത്തിരിപ്പിനു വിരാമം ആകുമല്ലോ എന്നുള്ള ധൈര്യം അവനുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് മരണത്തിനേയും തോൽപിച്ച് അവൻ നാദിറയിലേക്കെത്തുന്നത്. അനാർക്കലിയുടെ മരണത്തിലൂടെയാണ് സലിമിന്റെ പ്രണയം പൂർണമാകുന്നതെങ്കിൽ മരണം പോലെ യാഥാർത്ഥ്യമാണ് പ്രണയം എന്നു ലോകത്തിനു കാട്ടിക്കൊടുക്കുകയായിരുന്നു ശാന്തുനുവും നാദിറയും.
തയാറാക്കിയത്: അനൂപ് ശങ്കർ