പൊട്ടക്കന്നാസും കീറക്കടലാസും
Thursday, February 15, 2018 3:35 PM IST
സാഗരം മനസിലുണ്ടെങ്കിലും... കരയുവാൻ ഞങ്ങളിൽ കണ്ണുനീരില്ല... കന്നാസും കടലാസും തങ്ങളുടെ ദുഃഖങ്ങളെ പാട്ടിലൊഴുക്കിക്കളയുകയാണ് ആ വഴിനീളെ. ചീത്ത പറഞ്ഞും വഴക്കിട്ടും പരസ്പരം ആശ്വസിപ്പിച്ചും മറ്റുള്ളവർക്കുവേണ്ടി ഏറെ ത്യാഗം സഹിച്ചവർ. അവരുടെ നോവിന്റെ കഥ മലയാളികൾ അറിഞ്ഞിട്ട് കാൽനൂറ്റാണ്ടിന്റെ പഴക്കമാകുന്നു.
കന്നാസും കടലാസും എന്നാണ് അവരെ എല്ലാവരും വിളിക്കുന്നത്. ശരിയായൊരു പേരോ നാടോ വീടോ അവർക്കില്ല. ജിവിതത്തിന്റെ ഏതോ ഒരു കോണിൽ വെച്ച് പരസ്പരം കണ്ടുമുട്ടിയവരാകാം. അനുഭവങ്ങളുടെയും ചിന്തകളുടെയും സമാനതയാകാം അവരുടെ ജീവിതത്തിനെ പിന്നീട് ഒന്നിച്ചാക്കിയത്. വലിയ ഷർട്ടും വലിയ നിക്കറുമിട്ട് ചവറിനിടയിൽ നിന്നു ആക്രി പെറുക്കി നടന്നവർ. മറ്റുള്ളവർക്കവരെന്നും ചവറുകൂനയ്ക്കു മുകളിലെ വെറും പൊട്ടക്കന്നാസും കീറക്കടലാസുമായിരുന്നു. ചങ്കു പറിച്ചുനൽകിയും നിസ്വാർഥമായും ഒപ്പം നിന്നിട്ടും പലരാലും സ്നേഹം നിഷേധിക്കാൻ മാത്രം വിധിക്കപ്പെട്ട കന്നാസും കടലാസും.
1993-ൽ ഹിറ്റ്കൂട്ടുകെട്ട് സിദ്ധിഖ് ലാലിന്റെ രചനയിലും സംവിധാനത്തിലുമെത്തിയ കാബൂളിവാലയിലെ രണ്ടു കഥാപാത്രങ്ങളായിരുന്നു കന്നാസും കടലാസും. ഇന്നസെന്റ് കന്നാസായും ജഗതി ശ്രീകുമാർ കടലാസുമായി എത്തിയ കാബൂളിവാല ആ വർഷത്തെ മികച്ച വിജയങ്ങളിലൊന്നായിരുന്നു. ഇന്നസെന്റ്-ജഗതി കൂട്ടുകെട്ടിന്റെ രസതന്ത്രം തന്നെയാണ് ഇന്നും പ്രേക്ഷകർ ഈ കഥാപാത്രങ്ങളെ ഓർത്തിരിക്കുന്നതിന്റെ പ്രധാന ഘടകം. ചിരിപ്പിച്ചും കരയിപ്പിച്ചും പ്രേക്ഷക മനസിൽ വിങ്ങലു തീർക്കാൻ കന്നാസിനും കടലാസിനും സാധിച്ചിരുന്നു.
കന്നാസിനും കടലാസിനും കൂട്ടുകാരായി ഉള്ളത് അവർക്കൊപ്പം പാട്ടപെറുക്കി നടക്കുന്ന കുറെ തെരുവുപിള്ളാരാണ്. പിന്നീടാണ് അവർ അമ്മിണി അമ്മയ്ക്കൊരു സഹായമായി മാറുന്നത്. അവരുടെ മക്കളായ ചന്ദ്രികയും കനകമ്മയുമായി കളിയും ചിരിയുമായി ജീവിച്ചു. ഇരുവർക്കും അവരെ ഇഷ്ടമായിരുന്നു. എന്നാൽ അമ്മിണിയമ്മയുടെ പെണ് മക്കൾ ചെയ്യുന്ന ഒരു മോഷണത്തിനു മനപ്പൂർവമായി കന്നാസും കടലാസും ജയിലിലേക്കു പോകുന്നു. പുറത്തു ചന്ദ്രികയും കനകമ്മയും അവർക്കായി കാത്തിരിപ്പുണ്ടെന്ന പ്രതീക്ഷയിൽ. ജയിലിൽ നിന്നിറങ്ങുന്ന ഇരുവരും അമ്മിണിയമ്മയ്ക്കൊപ്പം വീട്ടിലെത്തുന്പോഴാണ് ചന്ദ്രികയും കനകമ്മയും വിവാഹിതരായ കാര്യം അറിയുന്നത്. ഉൗണു കഴിക്കാനായി കന്നാസും കടലാസും ഇരിക്കുന്പോൾ വന്നുകയറുന്ന പെണ്മക്കൾ എന്തിനാണ് ഇരുവരെയും വീട്ടിൽ കയറ്റിയതെന്നു പറഞ്ഞു അമ്മയോട് ചൂടാകുന്നു. വിളന്പി വെച്ച ചോറിനു മുന്നിൽ നിന്നു ഹൃദയം തകർന്ന് ഇരുവരും നടന്നുപോയി. ആർത്തിരന്പുന്ന ഒരു സാഗരം മനസിലുണ്ടെങ്കിലും കരയുവാൻ ഞങ്ങളിൽ കണ്ണുനീരില്ലെന്ന് പാടിക്കൊണ്ട്...
പിന്നീടാണ് മുന്ന അവരിലേക്കെത്തുന്നത്. സർക്കസ് മുതലാളിയുടെ മകൾ ലൈലയുമായി മുന്ന പ്രണയത്തിലായി. എല്ലാത്തിനു ഒത്താശയുമായി അവരും. പക്ഷേ, മുന്നയെ അവന്റെ വീട്ടുകാർ പിടിച്ചുവെക്കുന്നിടത്തു നിന്നു രക്ഷപെട്ടു വരുന്പോൾ ലൈലയുമായി ഓടിപ്പോകാൻ കൂട്ടുനിൽക്കുന്നതും കന്നാ സും കടലാസുമാണ്. അവർക്കുവേണ്ടി ഏറെ ദുരിതം അനുഭവിക്കുന്നുവെങ്കിലും അവരെ രക്ഷപെടുത്താൻ അവർ ശ്രമിച്ചുകൊണ്ടിരുന്നു. ഓരോ പ്രശ്നത്തിലും കന്നാസിനു താങ്ങായി കടലാസും കടലാസിനു താങ്ങായി കന്നാസുമുണ്ടായിരുന്നു. മുന്നയുടെയും ലൈലയുടെയും വിവാഹസൽക്കാര രാത്രിയിൽ അവനു കൊടുക്കാൻ വിശേഷപ്പെട്ട സമ്മാനവുമായി അവരെത്തി. പക്ഷേ, അവരെ കാവൽക്കാരനും ബന്ധുക്കളും വിലക്കുന്നു. പണക്കാരുടെ ഭക്ഷണം കഴിക്കാൻ വന്നതല്ലെന്നും തങ്ങളുടെ മുന്നയുടെ കല്യാണം കൂടാൻ വന്നവരാണെന്നും പറയുന്പോഴും അവരുടെ മനസ് നോവുന്നുണ്ടായിരുന്നു. കാരണം നല്ല വസ്ത്രങ്ങൾ ധരിച്ചെത്തിയിട്ടും മാന്യമായി നിന്നിട്ടും മറ്റുള്ളവർക്കെന്നും തങ്ങൾ തെരുവിലെ വെറും പാട്ടപെറുക്കികൾ മാത്രമെന്ന തിരിച്ചറിവിൽ.
പടിക്കു പുറത്താകുന്പോൾ ലൈലയ്ക്കും മുന്നയ്ക്കും സമ്മാനമായി കൊണ്ടുവന്ന ബ്യൂഗിൾ കാവൽക്കാരന്റെ കൈവശം കൊടുത്തുവിട്ടു. ആ ബ്യൂഗിളായിരുന്നു ഇരുവരെയും അടുപ്പിച്ചത്. പക്ഷേ, അവരതു കാണുന്നതിനു മുന്പു തന്നെ ആ ബ്യൂഗിൾ റോഡിലേക്കു വലിച്ചെറിയപ്പെട്ടു. വന്നു വീഴുന്നതാകട്ടെ തിരികെ പോകാനൊരുങ്ങുന്ന കന്നാസിന്റെയും കടലാസിന്റെയും മുന്നിലും. നിസ്വാർഥമായിട്ടാണ് കന്നാസും കടലാസും എല്ലാവരെയും സ്നേഹിച്ചത്. ജീവൻ പണയപ്പെടുത്തിയും അവർക്കൊപ്പം നിന്നു. പക്ഷേ കാര്യം കഴിഞ്ഞപ്പോൾ അവർ വീണ്ടും തെരുവിലേക്കു ആട്ടിയോടിക്കപ്പെട്ടു. വെറും പൊട്ടക്കന്നാസും കീറക്കടലാസുമായി...
തയാറാക്കിയത്: അനൂപ് ശങ്കർ