പ്രിയങ്കരനായ ഓമനക്കുട്ടൻ
Thursday, January 4, 2018 4:32 PM IST
കലയുടെ സ്വീകാര്യതയാണ് ഓരോ കലാകാരനേയും ജനപ്രിയനാക്കുന്നത്. ചിലർ സുരക്ഷിതമായ പാതയിലൂടെയാകാം ആ മികവിലേക്കെത്തുന്നത്. തൊണ്ണൂറുകളുടെ അവസാനത്തിൽ ദിലീപ് എന്ന നടൻ പ്രേക്ഷക ഇഷ്ടത്തിനൊപ്പം താരപദവിയിലേക്കും സഞ്ചരിക്കുന്നത് അത്തരമൊരു "സേഫ് സോണി’ലൂടെയായിരുന്നു. ഹാസ്യത്തിന്റെ ലാളിത്യത്തിൽ കഥയെ ലളിതമായി അവതരിപ്പിക്കാനും അതിനായി സാഹചര്യങ്ങളെ ഒരുക്കുന്നതുമായ കാഴ്ചയായിരുന്നു ദിലീപ് സിനിമകളിൽ അന്നും ഇന്നും കണ്ടിട്ടുള്ളത്. ഹാസ്യതാരങ്ങളുടെ അകന്പടിക്കൊപ്പമുള്ള അനായാസമായ മെയ്വഴക്കവും മികച്ച ടൈമിംഗും ദിലീപിനു താരപദവി നേടിക്കൊടുക്കുന്നതിന് കാരണവുമായിരുന്നു.
തൊണ്ണൂറുകളുടെ അവസാനത്തിൽ പഞ്ചാബിഹൗസിലൂടെയാണ് മെഗാ വിജയത്തിലേക്ക് ദിലീപും ഒറ്റയ്ക്ക് എത്തിത്തുടങ്ങുന്നത്. അതേ വർഷം തന്നെ തിയറ്ററിലെത്തിയ മറ്റൊരു ശ്രദ്ധേയമായ ചിത്രമായിരുന്നു രാജൻ ശങ്കരാടി സംവിധാനം ചെയ്ത മീനത്തിൽ താലികെട്ട്. പ്ലസ് ടുവിനു പഠിക്കുന്പോൾ കല്യാണം കഴിച്ചു പെണ്ണുമായി വീട്ടിലെത്തുന്ന ഓമനക്കുട്ടൻ ഇന്നും പ്രേക്ഷക സ്വീകാര്യതയുള്ള ദിലീപ് കഥാപാത്രങ്ങളിലൊന്നാണ്.
ഓമനക്കുട്ടന്റെ തമാശകളിലൂടെയാണ് കഥയിലേക്കു സഞ്ചരിക്കുന്നത്. പോസ്റ്റോഫീസിൽ ജോലിയുള്ള അച്ഛന്റെ സ്ഥലം മാറ്റം മൂലവും എട്ടാം ക്ലാസിലും ഒന്പതിലും ന്ധനന്നായി’ പഠിക്കാൻ ഓരോ വർഷം അധികമെടുത്തതിനാലും 22 വയസായിട്ടും പ്ലസ് ടുവിനു പഠിക്കുകയാണ് ഓമനക്കുട്ടൻ. കർക്കശക്കാരനായ അച്ഛനോടുള്ള പേടികാരണം അനുജത്തിക്കൊപ്പം സ്കൂളിൽ പോകുന്നുണ്ടെങ്കിലും തികച്ചും അലസനാണ്. സുഹൃത്തിന്റെ സഹോദരിയുടെ കല്യാണത്തിനു കൈമൾ മാഷിന്റെ ജാമ്യത്തിലാണ് അച്ഛന്റെ സമ്മതം നേടി ഓമനക്കുട്ടൻ പോകുന്നത്. എന്നാൽ സ്ത്രീധന വിഷയത്തിൽ കല്യാണം മുടങ്ങുന്നതിൽ ഓമനക്കുട്ടൻ ഇടപെടുന്നതോടെ വധു മാലതിയെ അവനു കല്യാണം കഴിക്കേണ്ടതായി വന്നു. വീട്ടിലെത്തുന്ന പെണ്ണിനെ അച്ഛൻ സ്വീകരിക്കുന്നുവെങ്കിലും ഓമനക്കുട്ടന്റെ കിടപ്പ് അച്ഛന്റെ ഒപ്പമായി.
പിന്നീട് മാലതിയെ കാണാനും സാസാരിക്കാനുമുള്ള പരിശ്രമങ്ങളായിരുന്നു ഓമനക്കുട്ടന്. മാലതി ഗർഭിണിയാകുന്നതോടെ വീണ്ടും പ്രശ്നങ്ങളായി. ഗർഭഛിദ്രം നടത്താൻ അച്ഛൻ ആവശ്യപ്പെട്ടപ്പോൾ അവനും മാലതിയും വീടുവിട്ടിറങ്ങി വാടക വീട്ടിൽ താമസവുമായി. പെയിന്റിംഗ് ജോലികൾ ചെയ്തു ജീവിക്കുന്ന ഓമനക്കുട്ടനു പലപ്പോഴും കൈമൾ മാഷ് സഹായമായിരുന്നു. മാലതി പൂർണ ഗർഭിണിയായിരിക്കുന്ന സമയത്ത് കള്ളക്കേസിൽ ഓമനക്കുട്ടനെ പോലീസ് പിടിക്കുന്നതോടെ ആശുപത്രിച്ചെലവിനായി സൂക്ഷിച്ചിരുന്ന പണം നഷ്ടമാകുന്നു. പ്രസവത്തിന് ആശുപതിയിൽ മാലതിയെ അഡ്മിറ്റ് ചെയ്തതപ്പോൾ കാശിനായി ഏറെ അലഞ്ഞു. ആശുപത്രിയിലെത്തുന്ന ഓമനക്കുട്ടൻ കാശിനായി തന്റെ കിഡ്നി വിൽക്കാനുള്ള ഓപ്പറേഷനു സമ്മതമാണെന്നു ഡോക്ടറോട് പറഞ്ഞു. മയക്കം തെളിഞ്ഞ് കണ്ണുതുറന്നു നോക്കുന്പോൾ താൻ ഓപ്പറേഷനു വിധേയമായിട്ടില്ലെന്നും അച്ഛനും അമ്മയുമെല്ലാം ആശുപതിയിലുള്ളതും അവൻ അറിയുന്നു. അച്ഛന്റെ സുഹൃത്തായ ഡോക്ടാണ് അവരെ വിളിച്ചതെന്നും കൈമൾ മാഷിലൂടെ അച്ഛനാണ് തങ്ങളെ സഹായിച്ചിരുന്നതെന്നും അവിടെവെച്ച് അവൻ തിരിച്ചറിഞ്ഞു. മാലതിയുടെ പ്രസവം കഴിഞ്ഞു കുഞ്ഞിനൊപ്പം എല്ലാവരും സന്തോഷം പങ്കിടുന്പോൾ ചിത്രം അവസാനിക്കുന്നു.
പ്ലസ് ടു വിദ്യാർഥിയായി ദിലീപിന്റെ പകർന്നാട്ടമാണ് ചിത്രത്തിന്റെ ഹൈലൈറ്റായത്. തമാശയും പ്രണയവും അതിജീവനവും നിസഹായതയുമെല്ലാം കഥയ്ക്കനുയോജ്യമായ വിധത്തിൽ ഫലിപ്പിക്കാൻ ദിലീപിനു കഴിഞ്ഞു. ആദ്യ പകുതിയിൽ തനി സ്കൂൾ വിദ്യാർഥിയായി കളിയും ചിരിയും നിറക്കുന്ന ഓമനക്കുട്ടൻ രണ്ടാം പകുതിയോടെ കുറച്ചു സീരിയസായെത്തുന്നു. അവിടെയും വൈകാരികമായി പ്രേക്ഷക പ്രീതി നേടാൻ ഓനനക്കുട്ടനു കഴിഞ്ഞിരിക്കുന്നു. തമാശയാണ് തന്റെ തട്ടകം എന്നറിഞ്ഞുകൊണ്ടു തന്നെ അതിനെ ഫലപ്രദമായി പകരുന്നതിൽ ദിലീപ് അഗ്രഗണ്യനാണെന്നു ചിത്രം കാണിച്ചു തരുന്നുണ്ട്.
ദിലീപിനൊപ്പം തിലകൻ, ജഗതി ശ്രീകുമാർ, ജനാർദ്ദനൻ, കലാഭവൻ മണി, സീനത്ത് എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിൽ പുതുമുഖം സുലേഖയായിരുന്നു നായിക. സംവിധായകൻ ലാൽജോസിന്റെ കഥയിൽ എ.കെ സാജനും എ.കെ സന്തോഷും ചേർന്നു തിരക്കഥ ഒരുക്കിയ ചിത്രം ബോക്സോഫീസിൽ ദിലീപിന്റെ നായക പദവി ഉൗട്ടി ഉറപ്പിച്ചു. പ്ലസ്ടുക്കാരനായും കുടുംബനാഥനായും ദിലീപ് പ്രേക്ഷകമനം കവർന്നപ്പോൾ ചിത്രം മികച്ചവിജയവും നേടി. ഓമനക്കുട്ടനും അവന്റെ മാലതിയും പ്രേക്ഷക മനസിൽ ഇടം നേടിയിട്ട് ഇരുപതു വർഷമാവുകയാണ്.
തയാറാക്കിയത്: അനൂപ് ശങ്കർ