കാക്കോത്തിക്കാവിലെ കാക്കോത്തി
Friday, December 22, 2017 4:36 AM IST
പുഴയിലെ വെള്ളാരംകല്ല് ഇലയിൽ പൊതിഞ്ഞു കാവിൽ കൊണ്ടുവെച്ച് കാക്കോത്തിയോട് പ്രാർഥിച്ചാൽ ആ ആഗ്രഹം നടക്കും. മുരളിയോട് നാട്ടിലെ പ്രായമുള്ള മുത്തി പറഞ്ഞതാണ് ഈ കാര്യം. എന്നാൽ കാക്കോത്തിയെ ആരും കണ്ടിട്ടില്ല. പക്ഷേ, മുരളിക്കു മുന്നിൽ കാക്കോത്തി വന്നു. അവനെ സ്നേഹിച്ചും വഴക്കിട്ടും തല്ലിയും വിഷമം പങ്കുവെച്ചുമൊക്കെ കാക്കോ ത്തി അവനോടൊപ്പം കൂടി. കാവിനുള്ളിൽ നിന്നെത്തിയ കാക്കോത്തി മലയാളികളുടെ കാഴ്ചാസ്വാദനത്തിൽ ഒളി മങ്ങാതെ നിൽക്കാൻ തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടോളമാകുന്നു.
നക്ഷത്രത്തിന്റെ പേരു പോലെതന്നെ അഭിനയത്തിളക്കവുമായാണ് രേവതി മലയാളികൾക്കു മുന്നിൽ നിൽക്കുന്നത്. ആ തിളക്കം തന്റെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരിലേക്കെത്തിച്ചതാണ് രേവതിയുടെ നേട്ടം. 1983-ലെ കാറ്റത്തെ കിളിക്കൂട് മുതൽ മലയാളത്തിന്റെ വെള്ളിത്തിരയിൽ നിറസാന്നിധ്യമാണ് രേവതി. കിലുക്കത്തിലെ നന്ദിനിയും ദേവാസുരത്തിലെ ഭാനുമതിയും രേവതിക്കു മാത്രം അഭിനയിച്ചു ഫലിപ്പിക്കാവുന്നതായിരുന്നു. ഈ പട്ടികയിൽ രേവതിയുടെ അഭിനയ മികവ് മാറ്റുരച്ച മറ്റൊരു കഥാപാത്രമാണ് 1988-ലെത്തിയ കമൽ ചിത്രം കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികളിലെ കാക്കോത്തി.
വാവാച്ചി, ലക്ഷ്മി, കാക്കോത്തി എന്നിങ്ങനെ വിവിധ പേരുകളാണ് ആ കഥാപാത്രത്തിനുള്ളത്. ശരീരം കൊണ്ടും ശാരീരം കൊണ്ടും തികച്ചും തെരുവു പെണ്ണായി രേവതി പകർന്നാടുകയായിരുന്നു. കല്ലുകെട്ടിയ മാലയും ധരിച്ച് എപ്പോഴും മുറുക്കി ചുവപ്പിച്ച് ആരേയും കൂസാതെയുള്ള നടന്ന്, ഇഷ്ടപ്പെട്ടത് കട്ടെടുത്തുകൊണ്ടുപോകുന്ന തലതെറിച്ച തെരുവുപെണ്ണ്. എന്നാൽ ഉള്ളിൽ അണയാതെ കിടന്ന തീയെ ഒരു നോട്ടം കൊണ്ടുപോലും പ്രേക്ഷകരിലേക്കു പകരുന്നതിൽ രേവതിയുടെ അഭിനയ ചാരുത മികച്ചു നിന്നു.
മിത്തും യാഥാർഥ്യവും ഒത്തു ചേർന്നു ഫാസിൽ രചന ഒരുക്കിയ ചിത്രമായിരുന്നു ഇത്. കലയെന്നും കാലത്തിനു മുന്നേ സഞ്ചരിക്കുമെന്നതിനെ അന്വർത്ഥമാക്കും വിധമാണ് ചിത്രത്തിന്റെ പ്രമേയം. കുട്ടികളുടെ തിരോധാനം ഇന്ന് ഒരു സാമൂഹ്യ പ്രശ്നമായി നിൽക്കുന്പോഴാണ് മുപ്പതു വർഷം മുന്പ് അതിന്റെ ഇരയായി രേവതിയുടെ കഥാപാത്രമെത്തിയത്. രേവതിയെന്ന വ്യക്തിയിൽ നിന്നും കാക്കോത്തിയിലേക്കുള്ള പരകായപ്രവേശത്തിൽ പ്രേക്ഷകരെ ശരിക്കും വിസ്മയിപ്പിച്ചു. ആ വർഷത്തെ സംസ്ഥാന പുരസ്കാരത്തിൽ രേവതിയെ പരിഗണിച്ചില്ലെങ്കിലും ഫിലം ഫെയർപുരസ്കാരം കാക്കോത്തി നേടിക്കൊടുത്തു. അച്ഛനും സഹോദരിയും സ്നേഹംകൊണ്ടു വീർപ്പുമുട്ടിച്ചിടത്തു നിന്നും കാണാമറയത്തേക്കു അവൾ പോവുയായിരുന്നു. എന്നാൽ കാലം വീണ്ടും ആ ചേച്ചിയുടെ മുന്നിലേക്കവളെ കൊണ്ടെത്തിച്ചു. തിരിച്ചറിയാതെ പോയപ്പോഴുണ്ടായ വിങ്ങലിനെ അവസാന കൂടിച്ചരലിന്റെ സാന്ത്വനം ദുഃഖമോ ആനന്ദമോ എന്നു പറയാനാവാത്ത വികാരംകൊണ്ടു മൂടി.
അപ്പായെന്നു വിളിക്കുന്ന വൃദ്ധനും കൂട്ടർക്കുമൊപ്പമാണ് ലക്ഷ്മിയുടെ ജീവിതം. അവളുടെ മുന്നിലെത്തുന്ന അനാഥനായ മുരളിയാണ് കാക്കോത്തിയെന്നവളെ വിളിച്ചത്. അവനിലൂടെ അവൾ എത്തിച്ചേരുന്നത് ജീവിതത്തിന്റെ ആനന്ദകരമായ നിമഷത്തിലേക്കായിരുന്നു. ആരുമില്ലാതെയായിപ്പോകുന്പോഴാണ് മുരളിക്കൊപ്പം സഹായം ചോദിക്കാനായി ടീച്ചറിന്റെ വീട്ടിലേ ക്കെത്തുന്നത്. അവളറിയാതെ എവിടെയൊക്കെയോ ഒരു തോന്നൽ ആ ഉള്ളിനെ നീറ്റി. ഗേറ്റിൽ പിടിച്ചു നിന്നപ്പോൾ ഉള്ളൊന്നു പിടഞ്ഞു. ഒരിക്കൽ പിച്ചവെച്ചു നടന്ന മുറ്റത്തേക്കു വീണ്ടുമവൾ കാലെടുത്തുവെച്ചു. ഓർമ്മകളുടെ വേലിയേറ്റത്താൽ സത്യമേത് മിഥ്യയേതെന്നറിയാതെ നിന്നുപോയി. എന്നാൽ അച്ഛൻ തന്റെ കൈവിരൽ ചേർത്തു ശ്രുതിചേർത്ത വീണയും ചുവരിൽ തന്റെ ബാല്യകാല ഫോട്ടോയും കണ്ടപ്പോൾ വാ പൊത്തി അവൾ കരഞ്ഞു. നഷ്ടപ്പെട്ടുപോയ വാവച്ചിയായി അവരുടെ മുന്നിൽ എത്താൻ അവൾക്കു ധൈര്യമുണ്ടായിരുന്നില്ല. ഓടിത്തളർന്ന് എത്തുന്നതാകട്ടെ തന്നെ വീട്ടിൽ നിന്നും മോഷ്ടിച്ചു ജീവിതം തച്ചുതകർത്ത ഉവ്വാച്ചുവിന്റെ മുന്നിലും.
മുത്തി മുരളിയോടു പറഞ്ഞ കഥയിലെ കാക്കോത്തിയായി പിന്നീടവൾ മാറി. പിന്നാലെവന്ന ഒറ്റക്കാലനെ കഥയിലെ കാക്കോത്തിയെ പോലെ ശിവശിലയാൽ അടിച്ചുകൊന്നു. അവിടേക്കെത്തുന്ന സഹോദരിയെ അടക്കാനാവാത്ത വിഷമത്തോടെ അവൾ ചേച്ചിയെന്നു വിളിച്ചു. ആ നിമിഷം സഹോദരിയും തിരിച്ചറിഞ്ഞു ഇത് തനിക്കു എന്നോ നഷ്ടമായിപ്പോയ വാവാച്ചിയാണെന്ന്. ഇന്നും കാക്കോത്തിക്കാവിൽ കല്ലുമാലയും കഴുത്തിലണിഞ്ഞ് കാക്കോത്തി നിൽക്കുകയാകാം. കാറ്റിൽ പറക്കുന്ന അപ്പൂപ്പൻതാടികളേയും നോക്കി.
അനൂപ് ശങ്കർ