സിഐടിയു പ്രവർത്തകന്റെ കൊലപാതകം; അറസ്റ്റിലായവരിൽ ഡിവൈഎഫ്ഐ നേതാക്കളും
Monday, February 17, 2025 6:49 PM IST
പത്തനംതിട്ട: സിഐടിയു പ്രവർത്തകൻ ജിതിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായവരിൽ ഡിവൈഎഫ്ഐ നേതാക്കളും. ഏഴാം പ്രതി മിഥുൻ ഡിവൈഎഫ്ഐ മഠത്തുംമൂഴി യൂണിറ്റ് സെക്രട്ടറിയും നാലാം പ്രതി സുമിത്ത് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു.
ആർഎസ്എസ് പ്രവർത്തകരായിരുന്ന ഇവർ ഏതാനും മാസം മുമ്പാണ് സംഘടനയിൽ ചേർന്നതെന്ന് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം പറഞ്ഞു. പ്രതികൾ ബിജെപി ആർഎസ്എസ് പ്രവർത്തകരെന്നതാണ് സിപിഎം നേതാക്കളുടെ നിലപാട്.
കേസിൽ നിഖിലേഷ്, വിഷ്ണു, ശരൺ, സുമിത്ത്, മനീഷ്, ആരോമൽ, മിഥുൻ, അഖിൽ എന്നിവർ അറസ്റ്റിലായിരുന്നു. നിഖിലേഷ് സിഐടിയു പ്രവർത്തകനാണെന്ന് നിഖിലേഷിന്റെ അമ്മ മിനി പറഞ്ഞു. കൊല്ലപ്പെട്ട ജിതിൻ തങ്ങളുടെ വീട്ടിൽ വന്നു ഭക്ഷണം കഴിച്ചിട്ടുള്ള ആളാണെന്നും മിനി പറഞ്ഞു.
ഇന്നലെ രാത്രി 10.30 യോടെയാണ് പെരുനാട് മഠത്തുംമൂഴിയിൽ ഉണ്ടായ സംഘർഷത്തിൽ ജിതിൻ കൊല്ലപ്പെട്ടത്. ജിതിന്റെ ബന്ധുവായ അനന്തു അനിലിനെ പ്രതികൾ തടഞ്ഞുവെച്ച് മർദിച്ചിരുന്നു. ഇത് ചോദ്യം ചെയ്തപ്പോഴുണ്ടായ സംഘർഷത്തിലാണ് ജിതിൻ കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.