മയക്കുവെടിയേറ്റ് വീണ ആനയെ എഴുന്നേല്‍പ്പിച്ചു; ലോറിയില്‍ കയറ്റി കോടനാട്ടേക്ക് കൊണ്ടുപോയി
Wednesday, February 19, 2025 9:59 AM IST
തൃശൂര്‍: അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ ആന ആരോഗ്യം വീണ്ടെടുത്തു. മയക്കുവെടിയേറ്റ് നിലത്തുവീണ ആനയെ കുങ്കികളുടെ സഹായത്തോടെ എഴുന്നേല്‍പ്പിച്ചു. തുടര്‍ന്ന് ആനയെ കുങ്കിയാനകളുടെ സഹായത്തോടെ തന്നെ എലിഫന്റ് ആംബുലന്‍സിലേക്ക് കയറ്റി കോടനാട്ടെ ചികിത്സാകേന്ദ്രത്തിലേക്ക് കൊണ്ടുപോയി.
ഇവിടെ എത്തിച്ച് തുടർപരിശോധന നടത്തും. നിലത്തുവീണ സമയത്ത് ആനയ്ക്ക് പ്രാഥമിക ചികിത്സ നൽകിയിരുന്നു. മസ്തകത്തിലെ മുറിവിൽ ഡോക്ടര്‍മാര്‍ മരുന്നുവെച്ചു.
എന്നാൽ മയക്കുവെടിയേറ്റ് കുറച്ചുസമയത്തിനകം ആന നിലത്തുവീണത് ആശങ്കയുണ്ടാക്കിയിരുന്നു. ഒന്നരമണിക്കൂറോളം ശ്രമപ്പെട്ടാണ് ദൗത്യസംഘം ആനയെ എഴുന്നേൽപ്പിച്ചത്.
രാവിലെ 7.15 ഓടെയാണ് ആനയെ കണ്ടെത്തി മയക്കുവെടിവെച്ചത്. ഡോ. അരുണ്‍ സഖറിയ അടക്കം 25 അംഗ സംഘമാണ് ദൗത്യത്തിൽ പങ്കെടുത്തത്.