ചോറ്റാനിക്കര പോക്സോ കേസ്; രാത്രി പെൺകുട്ടിയുടെ വീട്ടിലെത്തി, കുഴപ്പമൊന്നുമില്ലെന്ന് കരുതി തിരിച്ചുപോയെന്ന് പ്രതി
Saturday, February 1, 2025 10:28 PM IST
കൊച്ചി: ചോറ്റാനിക്കരയിൽ മരിച്ച പോക്സോ കേസ് അതിജീവിതയെ ആശുപത്രിയിലെത്തിച്ച അന്ന് രാത്രിയും പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നുവെന്ന് പ്രതി അനൂപ്. വീട്ടിൽ വെളിച്ചം കണ്ടപ്പോൾ പെൺകുട്ടിക്ക് കുഴപ്പമൊന്നുമില്ലെന്ന് കരുതിയെന്നും പ്രതി പറഞ്ഞു.
ഇതിനാലാണ് ഒളിവിൽ പോകാതിരുന്നത് എന്നും അനൂപ് പോലീസിന് മൊഴി നൽകി. അതേസമയം മരിച്ച പോക്സോ കേസ് അതിജീവിതയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി.
പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നിട്ടുണ്ടെന്നും ദേഹമാസകലം മുറിപ്പാടുകള്‍ കണ്ടെത്തിയെന്നും ചോറ്റാനിക്കര സിഐ പറഞ്ഞു. പെണ്‍കുട്ടിക്ക് വൈദ്യസഹായം നിഷേധിച്ചത് മരണകാരണമായി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും.
മസ്തിഷ്ക മരണത്തിന് വഴിവെച്ചത് കഴുത്തില്‍ ഷാള്‍ മുറുകിയതാണ്. പ്രതിക്കെതിരെ കുറ്റകരമായ നരഹത്യ ചുമത്തും. പ്രതിക്കായി തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നല്‍കും എന്നും പോലീസ് പറഞ്ഞു.