വയനാട് ഉരുള്‍പൊട്ടല്‍; ഉപഭോക്തൃ പട്ടികയില്‍ പാകപ്പിഴയെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്തില്‍ പ്രതിഷേധം
Saturday, December 21, 2024 4:06 PM IST
കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പില്‍ ഗുണഭോക്താക്കളുടെ ആദ്യ കരട് പട്ടികയില്‍ പാകപ്പിഴയെന്ന് ചൂണ്ടികാട്ടി പ്രതിഷേധം. മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിലാണ് പ്രതിഷേധം.
ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുണ്ടക്കൈ 11-ാം വാര്‍ഡിലെ ദുരന്തബാധിതരാണ് പ്രതിഷേധവുമായി എത്തിയത്.
തങ്ങളുടെ പേര് പട്ടികയില്‍ ഉള്‍പ്പെടാത്തതും ചിലരുടെ പേര് ഒന്നില്‍ കുടുതല്‍ തവണ ആവര്‍ത്തിച്ചതും ചൂണ്ടികാട്ടിയാണ് പ്രതിഷേധം. ഒരു വാര്‍ഡില്‍ മാത്രം 70 ഡബിള്‍ എന്‍ട്രിയാണ് വന്നിരിക്കുന്നതെന്നും പ്രതിഷേധക്കാര്‍ പറയുന്നു.
മുണ്ടക്കൈ, അട്ടമല, ചൂരല്‍മല വാര്‍ഡുകളിലെ 388 കുടുംബങ്ങളാണ് ഗുണഭോക്താക്കളുടെ ആദ്യപട്ടികയില്‍ ഉള്ളത്. പട്ടികയില്‍ പരാതിയുണ്ടെങ്കില്‍ ജനുവരി 10 നുള്ളില്‍ അറിയിക്കാന്‍ കളകട്രേറ്റ് നിര്‍ദേശിച്ചിട്ടുണ്ട്.