അണ്ടര്‍ 19 ഏഷ്യാ കപ്പ്; ജപ്പാനെ തകർത്ത് ഇന്ത്യൻ കൗമാരപ്പട
Monday, December 2, 2024 8:09 PM IST
ദുബായി : അണ്ടര്‍19 ഏഷ്യാ കപ്പിൽ ജപ്പാനെതിരെ ഇന്ത്യയ്ക്ക് 211 റണ്‍സിന്റെ തകർപ്പൻ ജയം. സ്കോര്‍: ഇന്ത്യ 339/6, ജപ്പാന് 128/8. ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 339 റൺസ് നേടി.
ക്യാപ്റ്റന്‍ മുഹമ്മദ് ആമാന്റെ സെഞ്ചുറിയും (122) ആയുഷ് മാത്രെ (54), കെ.പി.കാര്‍ത്തികേയ (57) എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്കോര്‍ കുറിച്ചത്. ജപ്പാനായി ഹ്യൂഗോ കെല്ലി, കീഫർ യമമോന്റോ ലേക്ക് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
കൂറ്റൻ വിജയ ലക്ഷ്യവുമായി ക്രീസിലിറങ്ങിയ ജപ്പാന് ഇന്ത്യൻ ബൗളിംഗ് നിരയക്കു മുന്നിൽ പിടിച്ചു നിൽക്കാനായില്ല. അർധ സെഞ്ചുറി നേടി ഓപ്പണർ ഹ്യൂഗോ കെല്ലി (50) ടോപ് സ്കോറര്‍. ചാള്‍സ് ഹിന്‍സ് 35 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
ഇന്ത്യക്കായി ഹാര്‍ദ്ദിക് രാജും കെ.പി.കാര്‍ത്തികേയയും ചേതൻ ശർമയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് ആമാനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.
ആദ്യ മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനോടു തോറ്റിരുന്നു. ഈ ജയത്തോടെ ഇന്ത്യ ഗ്രൂപ്പ് എയില്‍ യുഎഇയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി. പാക്കിസ്ഥാനാണ് ഗ്രൂപ്പിൽ ഒന്നാമത്.