മല്ലു ഹിന്ദു വാട്സ് ആപ്പ് ഗ്രൂപ്പ്; ഗോപാലകൃഷ്ണനെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട്
Monday, December 2, 2024 7:12 PM IST
തിരുവനന്തപുരം: മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് കേസിൽ വ്യവസായ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണനെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർട്ട്.
കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണറാണ് റിപ്പോർട്ട് കമ്മീഷണർക്ക് കൈമാറിയത്. ഗ്രൂപ്പിൽ ചേർത്ത വ്യക്തികൾ പരാതി നൽകിയാൽ മാത്രമേ കേസ് നിലനിൽക്കൂ.
മറ്റൊരാൾ പരാതി നൽകിയാൽ കേസെടുക്കുന്നതിൽ നിയമ തടസമുണ്ട്. ഗ്രൂപ്പിൽ മതസ്പർധ വളർത്തുന്ന സന്ദേശങ്ങൾ വന്നിട്ടില്ല. അതിനാൽ കേസ് നിലനിൽക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
സസ്പെൻഷനിൽ കഴിയുന്ന കെ. ഗോപാലകൃഷ്ണന് കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി കുറ്റാരോപണ മെമ്മോ നൽകിയിരുന്നു. ഗോപാലകൃഷ്ണൻ ഐഎഎസ് ഉദ്യോഗസ്ഥർക്ക് ഇടയിൽ വിഭാഗീയതയുണ്ടാക്കാൻ ശ്രമിച്ചെന്നും സർവീസ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നും മെമ്മോയിലുണ്ട്.