പാലക്കാട്ടെ പാതിരാ നാടകം; എം.ബി.രാജേഷ് മാപ്പ് പറയണം: വി.ഡി.സതീശൻ
Monday, December 2, 2024 6:17 PM IST
തിരുവനന്തപുരം: പാലക്കാട്ടെ ട്രോളിബാഗ് വിവാദത്തിൽ മന്ത്രി എം.ബി.രാജേഷ് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എം.ബി.രാജേഷും അളിയനും നടത്തിയ നാടകമാണ് പൊളിഞ്ഞത്.
മന്ത്രിയുടെ നിർദേശ പ്രകാരമാണ് പോലീസ് കോൺഗ്രസ് നേതാക്കളുടെ റൂമിൽ പരിശോധന നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് നടന്നതെന്ന് കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാനും പറഞ്ഞു.
നവംബര്‍ ആറിന് പുലര്‍ച്ചെയാണ് കെപിഎം ഹോട്ടലിൽ കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന മുറികളില്‍ പോലീസ് സംഘമെത്തി പരിശോധന നടത്തിയത്. പരാതി ലഭിച്ചിട്ടില്ലെന്നും സാധാരണ പരിശോധന മാത്രമാണ് നടത്തിയതെന്നുമായിരുന്നു പോലീസിന്റെ വിശദീകരണം.
എന്നാൽ പരിശോധന വിവാദമായതോടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് വിശദീകരിച്ച് പോലീസ് രംഗത്ത് എത്തിയിരുന്നു. തെളിവില്ലെന്നും തുടർ അന്വേഷണം ആവശ്യമില്ലെന്നും കാണിച്ച് സ്പെഷല്‍ ബ്രാഞ്ച് പാലക്കാട് എസ്പിക്ക് റിപ്പോർട്ട് നൽകി.