കെ.എം.ബഷീർ കേസ്: വിചാരണ നിർത്തിവച്ച് കോടതി
Monday, December 2, 2024 4:33 PM IST
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികൾ കോടതി നിർത്തിവച്ചു. തിരുവനന്തപുരം ഒന്നാം അഡിഷണല്‍ സെക്ഷന്‍സ് കോടതിയുടേതാണ് നടപടി.
കേസിലെ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന് രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കോടതിയുടെ പടവുകള്‍ കയറി എത്താന്‍ ബുദ്ധിമുട്ടുണ്ടെന്ന അഭിഭാഷകന് രാമന്‍പിള്ളയുടെ അപേക്ഷ പരിഗണിച്ചാണ് കോടതി തീരുമാനം. താഴത്തെ നിലയിലുള്ള ഏതെങ്കിലും ഫാസ്റ്റ്ട്രാക്ക് കോടതിയിലേക്ക് കേസ് മാറ്റണമെന്നും പ്രതിഭാഗം അപേക്ഷയിൽ ആവശ്യപ്പെട്ടു.
ബഷീര്‍ കൊല്ലപ്പെട്ട് അഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം ഇന്ന് മുതലാണ് കേസിന്റെ വിചാരണ ആരംഭിക്കാനിരുന്നത്. രണ്ട് ഘട്ടങ്ങളായി വിചാരണ പൂര്‍ത്തീകരിക്കാനായിരുന്നു തീരുമാനം. ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് ശ്രീറാമിന്റെ അഭിഭാഷകന് അപേക്ഷ സമര്‍പ്പിച്ചത്. ഇതോടെ കേസിന്റെ വിചാരണ നടപടികൾ നീണ്ടുപോകുമെന്ന് ഉറപ്പായി.