എഡിഎമ്മിന്റെ ആത്മഹത്യ: പി.പി. ദിവ്യയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം; സംഘർഷം
Wednesday, October 16, 2024 2:06 PM IST
കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. ദിവ്യയുടെ വീടിന് മുന്നിലേക്കുള്ള മാര്‍ച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.
ദിവ്യയുടെ വീടിന്റെ മതില് ചാടിക്കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞു. ഇതോടെ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. പ്രതിഷേധം കടുത്തതോടെ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
അതേസമയം ബാരിക്കേഡ് മറികടന്ന് വരുന്ന പ്രതിഷേധക്കാരെ നേരിടാന്‍ സിപിഎം പ്രവര്‍ത്തകരും വീടിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. ഇതോടെ സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചു.
ദിവ്യയുടെ വീട്ടിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാർച്ചും സംഘര്‍ഷത്തിലാണ് കലാശിച്ചത്.