പാലക്കാട്ടെ സ്ഥാനാര്‍ഥിത്വം; പാര്‍ട്ടി പുനഃപരിശോധിക്കണമെന്ന് പി.സരിന്
Wednesday, October 16, 2024 12:15 PM IST
പാലക്കാട്: പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ അതൃപ്തി പരസ്യമാക്കി കോണ്‍ഗ്രസ് നേതാവ് പി.സരിന്. ഇപ്പോഴത്തെ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത് എങ്ങനെയെന്ന് സരിന് ചോദിച്ചു.
നടന്ന ചര്‍ച്ചയൊക്കെ പ്രഹസനമായിരുന്നു. തോന്ന്യവാസമാണ് നേതൃത്വം കാണിക്കുന്നത്. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് തെറ്റുപറ്റിയെങ്കില്‍ തിരുത്തണം. അതിന് ഇനിയും സമയമുണ്ട്. ഇല്ലെങ്കില്‍ തോല്‍ക്കുക രാഹുല്‍ മാങ്കൂട്ടമല്ല, രാഹുല്‍ ഗാന്ധിയാണെന്ന് സരിന് പറഞ്ഞു.
പാലക്കാട്ട് ഒറ്റയാളുടെ താത്പര്യത്തിന് വേണ്ടി പാര്‍ട്ടിയെ ബലികൊടുക്കരുത്. ജനങ്ങളെ വിശ്വാസത്തിലെടുക്കുന്ന സ്ഥാനാര്‍ഥി നിര്ണയമുണ്ടാകണം. സ്ഥാനാര്‍ഥിത്വം പുനഃപരിശോധിച്ച് രാഹുല്‍ തന്നെയാണ് സ്ഥാനാര്‍ഥിയെന്ന് പാര്‍ട്ടി പറഞ്ഞാല്‍ പ്രശ്നം തീര്‍ന്നു. ജയിലില്‍ കിടക്കുന്നത് മാത്രമല്ല ത്യാഗമെന്നും സരിൻ വിമർശിച്ചു.
പാര്‍ട്ടി തീരുമാനങ്ങളുടെ രീതി മാറി. തിരുത്താന്‍ തയാറായില്ലെങ്കില്‍ തിരിച്ചടി നേരിടും. കോണ്‍ഗ്രസിന് ഹരിയാനയിലെ അനുഭവം ഉണ്ടാകും.
പാലക്കാട്ടെ യാഥാര്‍ഥ്യം നേതാക്കള്‍ തിരിച്ചറിയണം. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും കത്തയച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.