ബംഗളൂരുവില്‍ കനത്ത മഴ; ഇന്ത്യ - ന്യൂസിലന്‍ഡ് ടെസ്റ്റ് വൈകുന്നു
Wednesday, October 16, 2024 10:59 AM IST
ബംഗളൂരു: കനത്ത മഴയെ തുടര്‍ന്ന് ഇന്ത്യ - ന്യൂസിലന്‍ഡ് ഒന്നാം ടെസ്റ്റ് വൈകുന്നു. ബംഗളൂരുവില്‍ മത്സരം നടത്താനാവാത്ത വിധം മഴയെത്തിയതോടെ ടോസ് പോലും നടത്താനായിട്ടില്ല. ചിന്നസ്വാമി സ്റ്റേഡിയത്തിലെ പിച്ച് മൂടിയിട്ടിരിക്കുകയാണ്.
ചൊവ്വാഴ്ച രാവിലെ മുതല്‍ തുടര്‍ച്ചയായി മഴപെയ്യുന്നുണ്ട്. ഇതേത്തുടർന്ന് രാവിലെ ഇന്ത്യൻ ടീമിന്റെ പരിശീലന സെഷൻ മഴയെത്തുടർന്നു മുടങ്ങിയിരുന്നു. മഴയെത്തുടർന്ന് ഇരുടീമിന്റെയും പരിശീലം ഇൻഡോറിലേക്കു മാറ്റിയിരുന്നു.
ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധിനല്കിയിട്ടുമുണ്ട്.
ബംഗ്ലാദേശിനെതിരേ കാണ്‍പുരില്‍ നടന്ന രണ്ടാം ടെസ്റ്റും മഴമൂലം തടസപ്പെട്ടിരുന്നെങ്കിലും രണ്ട് ദിവസത്തിനുള്ളില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു.
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരന്പര 2-0നു തൂത്തുവാരിയതിന്റെ ആവേശം ഇന്ത്യക്കുണ്ട്. മറുവശത്ത് ശ്രീലങ്കൻ പര്യടനത്തിൽ 2-0നു പരന്പര അടിയറവച്ചതിന്റെ ക്ഷീണത്തിലാണ് കിവീസ്.
ചിന്നസ്വാമി സ്റ്റേഡിയത്തിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഇന്ത്യൻ ടീം ടെസ്റ്റ് ക്രിക്കറ്റിൽ തോൽവി അറിഞ്ഞിട്ടില്ല. 2005 മാർച്ചിൽ പാക്കിസ്ഥാനെതിരേയായിരുന്നു ചിന്നസ്വാമിയിൽ ഇന്ത്യയുടെ അവസാന തോൽവി. ഈ സ്റ്റേഡിയത്തിൽ ഇന്ത്യ ഇതുവരെ 24 ടെസ്റ്റുകൾ കളിച്ചു. അതിൽ ഒന്‍പത് ജയവും ഒന്‍പത് സമനിലയും നേടി. ആറെണ്ണത്തിൽ പരാജയപ്പെട്ടു.
ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ന്യൂസിലൻഡിന് ഇതുവരെ ഇന്ത്യയെ തോൽപ്പിക്കാൻ സാധിച്ചിട്ടില്ല. ഇരുടീമും ഈ മൈതാനത്തു നേർക്കുനേർ ഇറങ്ങിയ മൂന്നു ടെസ്റ്റിലും ഇന്ത്യക്കായിരുന്നു ജയം.
ഐസിസി ലോകകപ്പ് ടെസ്റ്റ് ചാന്പ്യൻഷിപ്പിൽ തുടർച്ചയായ മൂന്നാം ഫൈനൽ എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ഗൗതം ഗംഭീറിന്റെ ശിക്ഷണത്തിൽ ഇന്ത്യ ഇറങ്ങുന്ന രണ്ടാമത് ടെസ്റ്റ് പരന്പരയാണ്.
ന്യൂസിലൻഡിനെതിരായ പരന്പര തൂത്തുവാരിയാൽ ഇന്ത്യക്ക് ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ് ഫൈനലിൽ പ്രവേശിക്കാം. 74.24 പോയിന്റ് ശതമാനത്തോടെ ലോക ടെസ്റ്റ് ചാന്പ്യൻഷിപ് ടേബിളിൽ ഇന്ത്യയാണ് ഒന്നാമത്. 62.50 ഉള്ള ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തുണ്ട്. പോയിന്റ് ടേബിളിൽ ആദ്യ രണ്ടു സ്ഥാനക്കാരാണ് ഫൈനലിൽ ഏറ്റുമുട്ടുക.
എം. ചിന്നസ്വാമി സ്റ്റേഡിയത്തിലെ പിച്ച് ബാറ്റർമാർക്കു പിന്തുണ നൽകിയ ചരിത്രമാണ് ഇന്നുവരെയുള്ളത്. മൈതാനത്തിലെ ചെറിയ ബൗണ്ടറികൾ ബൗളർമാർക്ക് ഒട്ടും ആശ്വാസകരമല്ല. എന്നിരുന്നാലും മത്സരത്തിന്റെ തുടക്കത്തിൽ പേസർമാർക്ക് ആനുകൂല്യം ലഭിക്കും. സ്വിംഗും ബൗണ്‍സും ആദ്യ മണിക്കൂറുകളിൽ ലഭിക്കുന്നതായാണ് കണ്ടുവന്നിട്ടുള്ളത്. എന്നാൽ, പതുക്കെ സ്പിന്നിന് അനുകൂലമായി പിച്ച് മാറും.
ഇന്ത്യൻ ടീമിൽ പേസർ മുഹമ്മദ് സിറാജ് പ്ലേയിംഗ് ഇലവനിൽ കളിക്കുമോ എന്നതു കണ്ടറിയണം. രവീന്ദ്ര ജഡേജ, ആർ. അശ്വിൻ എന്നിവർക്കു പുറമേ സ്പെഷലിസ്റ്റ് സ്പിന്നറായി കുൽദീപ് യാദവ് പ്ലേയിംഗ് ഇലവനിൽ കളിച്ചേക്കും. വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുംറയ്ക്കൊപ്പം ആകാശ് ദീപായിരിക്കും ഇന്ത്യൻ പേസ് ആക്രണത്തിനു ചുക്കാൻപിടിച്ചേക്കുക.