കരിപ്പൂർ സ്വർണക്കടത്ത്; എഡിജിപി പി.വിജയന് പങ്കുണ്ടെന്ന് എം.ആര്.അജിത് കുമാര്‍
Tuesday, October 15, 2024 11:00 PM IST
തിരുവനന്തപുരം: ഇന്റലിജന്‍സ് മേധാവി പി.വിജയനെതിരെ ഗുരുതര ആരോപണവുമായി എഡിജിപി എം.ആര്.അജിത് കുമാര്‍. കരിപ്പൂരിലെ സ്വര്‍ണക്കടത്തില്‍ പി.വിജയന് പങ്കുണ്ടെന്ന് മലപ്പുറം മുന്‍ എസ്പി സുജിത് ദാസ് പറഞ്ഞതായി അജിത് കുമാര്‍ വ്യക്തമാക്കി.
ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹബിന് അജിത് കുമാര്‍ നല്കിയ മൊഴിയിലാണ് ഇക്കാര്യമുള്ളത്. തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ ഐജി ആയിരിക്കുന്ന കാലത്ത് സ്വർണക്കടത്തിൽ പങ്കുള്ളതായാണ് ആരോപണം. തീവ്രവാദ വിരുദ്ധ സ്ക്വാഡിലെ മറ്റു ചില അംഗങ്ങൾക്കും സ്വർണക്കടത്തിൽ പങ്കുള്ളതായി സുജിത് ദാസ് അറിയിച്ചു.
സുജിത് ദാസ് വിവരമറിയിച്ചതിന് ശേഷമാണ് സ്വർണക്കടത്തിനെതിരെ കർശന നടപടിക്ക് താൻ നിർദേശിച്ചതെന്നും അജിത് കുമാർ പറയുന്നു. എന്നാൽ ഇതുസംബന്ധിച്ച് അജിത് കുമാർ തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ല. അജിത് കുമാറിനും സുജിത് ദാസിനും സ്വർണക്കടത്തുമായി ബന്ധമുള്ളതായി പി.വി.അൻവർ എംഎൽഎ ആരോപിച്ചിരുന്നു.