കനേഡിയൻ പ്രധാനമന്ത്രി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നുവെന്ന് ഇന്ത്യ
Monday, October 14, 2024 3:47 PM IST
ന്യൂഡൽഹി: ഇന്ത്യ-കാനഡ ബന്ധം വീണ്ടും വഷളാകുന്നു. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നുവെന്ന് ഇന്ത്യ. ഇന്ത്യൻ ഹൈക്കമ്മീഷണറെ കേസിൽപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും ഇന്ത്യ ആരോപിച്ചു. ട്രൂഡോ മതതീവ്രവാദികൾക്ക് കീഴടങ്ങിയെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
കാനഡ നൽകിയ ചില സന്ദേശങ്ങൾക്ക് മറുപടിയാണ് ഇന്ത്യയുടെ പ്രസ്താവന. ഇന്ത്യയുടെ ഹൈക്കമ്മീഷണറെ ചില കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് കാനഡ അറിയിക്കുന്നത്. അതേസമയം ഇന്ത്യയുടെ ഉദ്യോഗസ്ഥർ രാജ്യവിരുദ്ധ പ്രവർത്തനം കാനഡയിൽ നടത്തിയിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
2023 ജൂണിൽ ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതു മുതൽ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായിരുന്നു.
ഇന്ത്യൻ ഹൈക്കമ്മീഷണറും മറ്റ് ഇന്ത്യൻ നയതന്ത്രജ്ഞരും തന്ത്രപ്രധാനമായ അന്വേഷണത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന കാനഡയുടെ നയതന്ത്ര ആശയവിനിമയത്തെ ഇന്ത്യ അപലപിച്ചു.