പോര് മുറുകുന്നു; ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലേക്ക് വരേണ്ടന്ന് ഗവർണർ
Friday, October 11, 2024 5:01 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിവാദ മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം തനിക്ക് മനസിലാകുന്നില്ല. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അയച്ച കത്തിലെ വിവരങ്ങളും ഗവർണർ പുറത്തുവിട്ടു.
സംസ്ഥാനത്ത് ദേശവിരുദ്ധ ശക്തികൾ പ്രവർത്തിക്കുന്നതായി പറഞ്ഞിട്ടില്ല എന്നാണ് മുഖ്യമന്ത്രി തനിക്ക് അയച്ച കത്തിൽ പറയുന്നത്. അദ്ദേഹത്തെ താൻ വിശ്വസിക്കാം. പക്ഷേ അതേ കത്തിൽ സംസ്ഥാനത്തെ സ്വർണക്കടത്ത് രാജ്യത്തിനെതിരെയുള്ള കുറ്റകൃത്യമാണെന്ന് അദ്ദേഹം പറയുന്നുണ്ട്.
ഇതു തമ്മിൽ വൈരുദ്ധ്യമുണ്ടെന്നും ഗവർണർ വ്യക്തമാക്കി. ചീഫ് സെക്രട്ടറിയും ഡിജിപിയും ഹാജരാകാത്തതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഗവര്‍ണര്‍ ഉന്നയിക്കുന്നത്. എന്തോ ഒളിക്കാൻ ഉള്ളത് കൊണ്ടാണ് മുഖ്യമന്ത്രി അവരെ വിലക്കുന്നത്. ഇനി മുതൽ ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലേക്ക് വരേണ്ടെന്നും ഗവർണർ വ്യക്തമാക്കി.
തന്റെ അടുത്ത നീക്കം ഇപ്പോൾ പറയുന്നില്ലെന്നും ഗവർണർ പറഞ്ഞു. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് വിശദീകരണം നൽകാൻ ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ട് എത്തണമെന്നും വിവരങ്ങൾ കൈമാറണമെന്നുമാണ് ഗവർണർ ആവശ്യപ്പെട്ടിരുന്നത്. ഇതിന് തയാറല്ലെന്ന് സർക്കാർ അറിയിച്ചതോടെയാണ് ഗവർണർ സർക്കാർ പോര് രൂക്ഷമായത്.