ശബരിമലയിൽ ഇനി വെര്‍ച്വല്‍ ക്യൂമാത്രം; ദര്‍ശന സമയത്തിലും മാറ്റം
Friday, October 11, 2024 4:37 PM IST
തിരുവനന്തപുരം: ശബരിമലയില്‍ ഇക്കുറി വെര്‍ച്വല്‍ ക്യൂ മാത്രമായിരിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ഒരു ഭക്തനും ദര്‍ശനം കിട്ടാതെ തിരിച്ചുപോകുന്ന സാഹചര്യം ഉണ്ടാകില്ലെന്നും ഭക്തരുടെയും ക്ഷേത്രത്തിന്റെയും സുരക്ഷ കണക്കിലെടുത്താണ് വെര്‍ച്വല്‍ ക്യൂ തീരുമാനം ഏര്‍പ്പെടുത്തിയതെന്നും പ്രശാന്ത് പറഞ്ഞു.
എന്നാൽ വെര്‍ച്വല്‍ ക്യൂ വഴി ഭക്തരെ പ്രവേശിപ്പിക്കാനുള്ള നീക്കത്തിനെതിരെ ആചാര സംരക്ഷണ സമിതി രംഗത്ത് എത്തി. ദേവസ്വം ബോര്‍ഡ് തീരുമാനം അംഗീകരിക്കില്ലെന്നും ശക്തമായ പ്രതിഷേധത്തിലേക്ക് പോകുമെന്നും ആചാര സംരക്ഷണ സമിതി സെക്രട്ടറി ജി. പൃഥ്വിപാൽ പറഞ്ഞു.
ശബരിമലയിലെ ദർശനസമയം രാവിലെ മൂന്നു മുതൽ ഉച്ചയ്ക്ക് ഒന്നു വരെയും ഉച്ചയ്ക്ക് മൂന്നു മുതൽ രാത്രി 11വരെയുമായിരിക്കും. ശബരിമലയിലെത്തുന്ന ആളുകളുടെ ആധികാരിക രേഖയാണ് വെർച്വൽക്യൂവിലൂടെ ലഭിക്കുന്നത്. വെർച്വൽ ക്യൂ ആണെങ്കിൽ എത്ര ഭക്തർ വരുമെന്ന് മുൻകൂട്ടി അറിയാൻ കഴിയും.