ഏഴാം ക്ലാസുകാരിയെ പ്രണയംനടിച്ച് തട്ടിക്കൊണ്ടുപോയ കേസിൽ യുവാവ് പിടിയിൽ
Friday, October 11, 2024 3:50 PM IST
കോഴിക്കോട്: തിരുവമ്പാടിയിൽ നിന്നും പ്രണയം നടിച്ച് പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ യുവാവ് പിടിയിൽ. ഇടുക്കി പീരുമേട് സ്വദേശി അജയി(24)യെയാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്തത്.
അജയ് നിരവധി കളവുകേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. പെൺകുട്ടി ഒക്ടോബർ അഞ്ചിനാണ് ഡാൻസ് പഠിക്കാൻ സ്കൂളിലേക്ക് പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയത്. വീട്ടിൽ ഉപയോഗിക്കുന്ന ഫോണും കുട്ടി കൈവശം വച്ചിരുന്നു. കുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി.
സഹോദരന്റെ സുഹൃത്ത് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയതാവാമെന്ന് ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ മൊബൈൽ ഫോൺ ലൊക്കേഷൻ അവസാനം കാണിച്ചത് പാലക്കാട് ആണെന്ന് കണ്ടെത്തി.
കുട്ടി തമിഴ്നാട്ടിലേക്ക് കടന്നിരിക്കാം എന്ന നിഗമനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥിനിയുടെ സഹോദരന്റെ സുഹൃത്തിന്റെ കൂടെ കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കുട്ടിയെ കണ്ടെത്തിയത്.
മുക്കം പോലീസ് കോയമ്പത്തൂരിൽ എത്തി പെൺകുട്ടിയെ നാട്ടിൽ എത്തിച്ചു. യുവാവിനേയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.