റബർഷീറ്റിനു പുകയിട്ടപ്പോൾ തീപടർന്നു; വീട് കത്തിനശിച്ചു, ലക്ഷങ്ങളുടെ നഷ്ടം
Friday, October 11, 2024 11:47 AM IST
ഇടുക്കി: ഇരട്ടയാര്‍ നാലുമുക്കില്‍ വീട് കത്തിനശിച്ചു. നാലുമുക്ക് ചക്കാലയില്‍ ജോസഫ് മത്തായിയുടെ പഴയ വീടിനാണ് ഇന്നലെ രാത്രി 9.15 ഓടെ തീപിടിച്ചത്. സ്റ്റോര്‍ റൂം കൂടിയായ ഇവിടെ ഉണങ്ങാനിട്ടിരുന്ന റബര്‍ഷീറ്റിന് പുകയിട്ടപ്പോള്‍ തീ പടര്‍ന്നതാകാമെന്നാണ് നിഗമനം.
നാട്ടുകാരുടെയും കട്ടപ്പനയില്‍നിന്നെത്തിയ രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്സ് സംഘത്തിന്റെയും ഒരു മണിക്കൂര്‍ നേരത്തെ ശ്രമഫലമായി തീയണച്ചത്. തങ്കമണി പോലീസും സ്ഥലത്തെത്തിയിരുന്നു. ഇവിടെ താമസിച്ചിരുന്ന ഇതരസംസ്ഥാനത്തൊഴിലാളികളായ ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികളും മകനും തീ പടരുന്നത് കണ്ട് ഓടിമാറിയതിനാല്‍ രക്ഷപ്പെട്ടു.
സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്ന 1,000 കിലോ കുരുമുളക്, 300 കിലോ ഏലയ്ക്ക, 500 കിലോ റബര്‍ ഷീറ്റ്, വീട്ടുപകരണങ്ങള്‍ എന്നിവയെല്ലാം കത്തി നശിച്ചു. വീടും പൂര്‍ണമായും തന്നെ കത്തിനശിച്ചു. 10 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍.