നിയമസഭ കൗരവസഭയായി മാറി; പിണറായി സര്‍ക്കാരിനെ സ്ത്രീകള്‍ എങ്ങനെ വിശ്വസിക്കുമെന്ന് സതീശന്
Friday, October 11, 2024 11:10 AM IST
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമസഭയില്‍ ചര്‍ച്ചയ്ക്ക് അനുമതി നിഷേധിച്ചത് ഞെട്ടല്‍ ഉളവാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. നിയമസഭ കൗരവസഭയായി മാറിയെന്ന് സതീശന് വിമര്‍ശിച്ചു.
സ്ത്രീകളെ ഇതുപോലെ ബാധിച്ച വിഷയം ചര്‍ച്ച ചെയ്യാത്തത് അപമാനകരമാണ്. സോളാര്‍ കേസ് വിവിധ കോടതികളുടെ പരിഗണനയിലുള്ളപ്പോള്‍ എത്രയോ തവണ നിയമസഭയില്‍ ചര്‍ച്ച നടന്നു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് സഭയില്‍ ചോദ്യം വന്നപ്പോള്‍ സ്പീക്കര്‍ തന്നെയാണ് സബ്മിഷനായോ മറ്റോ ഉന്നയിക്കാന്‍ പറഞ്ഞത്.
എന്നാല്‍ ചോദ്യത്തിനും മറുപടിയില്ല, ചോദ്യം ചോദിക്കാനും സമ്മതിക്കില്ല, വിഷയം അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കും വയ്ക്കില്ല എന്നതാണ് നിലപാട്. റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാരിന് താത്പര്യമില്ല.
ലൈംഗിക കുറ്റകൃത്യങ്ങളെ ഒളിച്ചുവയ്ക്കുകയാണ് സര്‍ക്കാര്‍. ഈ സര്‍ക്കാരിനെ സ്ത്രീകള്‍ എങ്ങനെ വിശ്വസിക്കുമെന്നും സതീശന് ചോദിച്ചു.