കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞതിൽ ഡ്രൈവർക്ക് വീഴ്ചയില്ലെന്ന് ഗതാഗതമന്ത്രി
Friday, October 11, 2024 10:25 AM IST
കോഴിക്കോട്: പുല്ലൂരാംപാറയ്ക്കു സമീപം കാളിയാംപുഴയിൽ കെഎസ്ആർടസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ടു പേർ മരിക്കാനിടയായ അപകടത്തിൽ ഡ്രൈവർക്കു വീഴ്ച പറ്റിയിട്ടില്ലെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ.
അപകടമുണ്ടായത് ഇരുചക്ര വാഹന യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
അപകടത്തിൽപെട്ട ബസിനു തകരാറില്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ബസിലെ ടയറുകൾക്കു തേയ്മാനം സംഭവിച്ചിരുന്നില്ല. ബ്രേക്കിനു കുഴപ്പമില്ലെന്നും ഉദ്യോഗസ്ഥ സംഘം കണ്ടെത്തി. പാലത്തിനു സമീപത്ത് ഡ്രൈവർ ബ്രേക്ക് പ്രയോഗിച്ചിരുന്നതിനു തെളിവായി ടയർ റോഡിലുരഞ്ഞതിന്റെ പാടുകൾ ഉദ്യോഗസ്ഥസംഘം കണ്ടെത്തിയിരുന്നു.
അപകടമുണ്ടായ സ്ഥലത്തു നിന്നു 100 മീറ്റർ അകലെ വച്ച് റോഡ് നിർമാണ പ്രവൃത്തിയിലേർപ്പെട്ടിരുന്ന ഊരാളുങ്കൽ ലേബർ കോണ്ട്രാക്ട് സൊസൈറ്റിയുടെ ക്രെയിനു സൈഡ് കൊടുക്കുന്നതിനുവേണ്ടി കെഎസ്ആർടിസി ബസ് നിറുത്തിയിരുന്നു. അവിടെനിന്നും അമിതവേഗത്തിലല്ല ബസ് പുറപ്പെട്ടതെന്നും കണ്ടെത്തിയിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45നാണ് മുത്തപ്പൻപുഴയിൽനിന്ന് തിരുവന്പാടിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസിയുടെ ഓർഡിനറി ബസ് പാലത്തിന്റെ കൈവരി തകർത്ത് പുഴയിലേക്ക് കൂപ്പുകുത്തിയത്.