എം.എം. മണിയുടെ ഗണ്‍മാന്റെ വീട്ടിലെ സ്റ്റോര്‍ റൂമിന് തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം
Friday, October 11, 2024 8:23 AM IST
ഇടുക്കി: മുന്‍ മന്ത്രിയും ഉടുമ്പന്‍ചോല എംഎല്‍എയുമായ എം.എം.മണിയുടെ ഗണ്‍മാന്റെ വീടിനോട് ചേര്‍ന്ന സ്റ്റോര്‍ റൂമില്‍ തീപിടിച്ചു. മണിയുടെ ഗണ്മാനായ അല്‍ഫോന്‍സിന്റെ ഇരട്ടയാര്‍ നാലുമുക്കില്‍ വീടിനോട് ചേര്‍ന്നുള്ള സ്റ്റോര്‍ റൂമിലാണ് തീപടര്‍ന്നത്.
അല്ഫോന്സും കുടുംബവും പിതാവ് ജോസഫിനൊപ്പം ഇവിടെയാണ് താമസിക്കുന്നത്. സംഭവം നടക്കുമ്പോള്‍ അല്‍ഫോന്‍സ് തിരുവനന്തപുരത്തായിരുന്നു. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായാണ് വിവരം. റബര്‍ ഷീറ്റ് ഉണങ്ങുന്നതിനിടെ പുകപ്പുരയില്‍ നിന്നും തീ പടര്‍ന്ന് പിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
വ്യാഴാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. വീടിനോട് ചേര്‍ന്നുള്ള സ്റ്റോര്‍ റൂമായി ഉപയോഗിക്കുന്ന പഴയ വീടിന് തീപിടിക്കുകയായിരുന്നു. ഏലം, കാപ്പി, കുരുമുളക് ഉള്‍പ്പെടെയുള്ള മലഞ്ചരക്ക് ഉത്പ്പന്നങ്ങള്‍ ഇവിടെയാണ് സൂക്ഷിച്ചിരുന്നത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അഗ്നിശമന സേനയെത്തി തീയണച്ചു.