ഷിബിൻ വധം: പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്
Thursday, October 10, 2024 11:22 AM IST
കോഴിക്കോട്: നാദാപുരം തൂണേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ സി.കെ. ഷിബിനെ വെട്ടിക്കൊന്ന കേസിലെ പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. ഏഴ് പ്രതികൾക്ക് വേണ്ടിയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഇവരിൽ ആറു പേർ വിദേശത്തും ഒരാൾ ചെന്നൈയിലുമാണെന്നാണ് വിവരം. നേരത്തെ വിചാരണ കോടതി വെറുതെ വിട്ട പ്രതികൾ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തുകയായിരുന്നു.
തുടർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്ത് വിചാരണ കോടതിയിൽ ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നാദാപുരം പോലീസ് പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
ഒന്ന് മുതല്‍ ആറ് വരെ പ്രതികളെയും 15, 16 പ്രതികളെയുമാണ് ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. സര്‍ക്കാരിന്റെ ഉള്‍പ്പെടെ അപ്പീലിലാണ് വിധി. പ്രതികൾ 15ന് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു. അന്ന് ശിക്ഷ വിധിക്കും.
മുസ്ലിം ലീഗ് പ്രവര്‍ത്തകരടക്കമുള്ള 17 പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെയായിരുന്നു സര്‍ക്കാരിന്റെ അപ്പീല്‍. കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടതായി കണ്ടെത്തിയായിരുന്നു പ്രതികളെ വെറുതെ വിട്ടത്.
2015 ജനുവരി 22നാണ് ഷിബിൻ കൊലപ്പെട്ടത്. കേസില്‍ തെയ്യംപാടി ഇസ്മായില്‍, സഹോദരന് മുനീര്‍ എന്നീ മുസ്ലിം ലീഗ് പ്രവര്‍ത്തകരും പ്രതികളായിരുന്നു.