അമേരിക്കയിൽ തെരഞ്ഞെടുപ്പ് ദിവസം ഭീകരാക്രമണത്തിന് പദ്ധതി; അഫ്ഗാൻ പൗരൻ പിടിയിൽ
Wednesday, October 9, 2024 6:32 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ തെരഞ്ഞെടുപ്പ് ദിവസം ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട അഫ്ഗാൻ പൗരൻ അറസ്റ്റിൽ.
പ്രത്യേക ഇമിഗ്രന്റ് വിസയിൽ 2021ൽ യുഎസിൽ പ്രവേശിച്ച ശേഷം ഒക്ലഹോമ സിറ്റിയിൽ താമസിക്കുന്ന നസീർ അഹമ്മദ് തൗഹെദി (27) എന്നയാളാണ് അറസ്റ്റിലായത്. ഇയാൾക്കൊപ്പം പ്രായപൂർത്തിയാകാത്ത ഒരാളെയും പോലീസ് പിടികൂടി. നസീർ അഹമ്മദ് തൗഹെദി, ഇസ്ലാമിക് സ്റ്റേറ്റിൽ അംഗമാണെന്ന് പോലീസ് അറിയിച്ചു.
വാഷിംഗ്ടൺ ഡിസിയിലെ സിസിടിവി ദൃശ്യങ്ങൾ എങ്ങനെ ലഭിക്കുമെന്നും ലൈസൻസ് ആവശ്യമില്ലാതെ തോക്ക് ഉപയോഗിക്കാൻ കഴിയുന്ന സംസ്ഥാനങ്ങളെക്കുറിച്ചും ഇയാൾ ഇന്റർനെറ്റിൽ തിരഞ്ഞതായും കുറ്റപത്രത്തിൽ പോലീസ് പറയുന്നു. കൂടാതെ ഇയാൾ വൈറ്റ് ഹൗസ് സന്ദർശിക്കുകയും വാഷിംഗ്ടൺ സ്മാരക വെബ് കാമറകൾ പരിശോധിക്കുകയും ചെയ്തു.
ആക്രമണം ആസൂത്രണം ചെയ്തത് വലിയ ജനക്കൂട്ടങ്ങളെ ലക്ഷ്യം വച്ചായിരുന്നുവെന്നും താനും പിടിയിലായ പ്രായപൂർത്തിയാകാത്തയാളും മരിക്കാൻ തയാറായിരുന്നുവെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.