ഹരിയാനയിൽ താമര വാടി കരിഞ്ഞു ; കോൺഗ്രസ് കേവല ഭൂരിപക്ഷം മറികടന്നു
Tuesday, October 8, 2024 9:09 AM IST
ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട ഫലസൂചനകളിൽ കോൺഗ്രസ് ബഹുദൂരം മുന്നിൽ. 90 അംഗ നിയമസഭയിൽ കോൺഗ്രസ് ഇപ്പോൾ 74 സീറ്റിൽ മുന്നേറുകയാണ്.
ബിജെപി കേവലം 11 സീറ്റിലും മറ്റു പാർട്ടികൾ അഞ്ചു സീറ്റിലും മുന്നേറുകയാണ്. ജുലാനയിൽ നിന്നും കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന ഗുസ്തി താരം വിനേഷ് ഫോഗട്ട് ലീഡു ചെയ്യുകയാണ്.
വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ പിന്നിലായിരുന്ന മുഖ്യമന്ത്രി നായബ് സിംഗ് സൈനി ലീഡു തിരിച്ചു പിടിച്ചു. ഹരിയാനയുടെ മക്കള്‍ തങ്ങളോടൊപ്പമുള്ളതിൽ അഭിമാനമുണ്ടെന്ന് പിസിസി അധ്യക്ഷൻ പവൻ ഖേര പറഞ്ഞു.
ഹരിയാനയിൽ വിജയം ഉറപ്പിച്ചുകൊണ്ട് എഐസിസി ആസ്ഥാനത്തും ഹരിയാനയിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം തുടങ്ങി. എഐസിസി ആസ്ഥാനത്ത് ലഡു വിതരണം ചെയ്തുകൊണ്ടും മുദ്രാവാക്യം വിളിച്ചുകൊണ്ടുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം.
ഡോലക്കും ബാന്‍ഡുമേളവുമൊക്കെയായി വലിയ രീതിയിലുള്ള ആഘോഷമാണ് എഐസിസി ആസ്ഥാനത്ത് നടക്കുന്നത്. പ്ലക്കാര്‍ഡുകളേന്തിയാണ് പ്രവര്‍ത്തകര്‍ എഐസിസി ആസ്ഥാനത്ത് എത്തിയിരിക്കുന്നത്.