നെഹ്റുട്രോഫി കാരിച്ചാലിന് തന്നെ; ഹൈക്കോടതിയെ സമീപിക്കുമെന്ന് വീയപുരം
Monday, October 7, 2024 5:33 PM IST
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയില്‍ കാരിച്ചാല്‍ ചുണ്ടൻ തന്നെ വിജയി എന്ന് അപ്പീൽ ജൂറി കമ്മിറ്റി. 0.005 മൈക്രോ സെക്കൻഡിന്റെ വ്യത്യാസത്തിൽ കാരിച്ചാൽ വീയപുരം ചുണ്ടനെ പരാജയപ്പെടുത്തിയതെന്ന് അപ്പീൽ ജൂറി കമ്മിറ്റി അറിയിച്ചു.
വിധി നിര്‍ണയത്തില്‍ പിഴവില്ലെന്ന് അപ്പീല്‍ ജൂറി കമ്മിറ്റി തീരുമാനം അറിയിച്ചു. എന്നാൽ ജൂറി കമ്മിറ്റി തീരുമാനം അംഗീകരിക്കില്ലെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും വീയപുരം ചുണ്ടൻ തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബ് അറിയിച്ചു.
ഫോട്ടോ ഫിനിഷിലാണ് കാരിച്ചാലിനെ വിജയിയായി പ്രഖ്യാപിച്ചത്. എന്നാൽ വീയപുരമാണോ കാരിച്ചാലാണോ മുന്നിലെത്തിയതെന്ന് സംശയം ചിലർ ഉയർത്തിയിരുന്നു. പിന്നീടാണ് ഫലനിർണയത്തിൽ അപാകതയുണ്ടെന്ന് ആരോപണം ഉയർന്ന് തർക്കം ഉണ്ടായത്.
എന്നാൽ ആ തർക്കത്തിനാണ് അപ്പീൽ ജൂറി കമ്മിറ്റി വിധി പ്രഖ്യാപിച്ചത്. ഈ വിധിക്കെതിരെ ഉടൻ ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് വില്ലേജ് ബോട്ട് ക്ലബ്.