കിളിമാനൂരിൽ മിനിലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് രണ്ടു യുവാക്കൾ മരിച്ചു
Monday, October 7, 2024 12:02 PM IST
തിരുവനന്തപുരം: മിനിലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന പുളിമാത്ത് സ്വദേശികളായ രഞ്ചു (36), അനി (40) എന്നിവരാണ് മരിച്ചത്.
എംസി റോഡിൽ പുളിമാത്ത് പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന മിനിലോറിയുടെ പുറകിൽ കാരേറ്റ് ഭാഗത്തുനിന്നും വന്ന സ്കൂട്ടർ നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു.
റോഡിലേക്ക് വീണ് ഗുരുതരമായി പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരെ ഉടൻ തന്നെ മെഡിക്കൽ കോളെജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങൾ മോർച്ചറിയിൽ.