നിയമസഭയിൽ നാടകീയരംഗങ്ങൾ, മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക്പോര്; ഡയസിൽ കയറി പ്രതിഷേധം
Monday, October 7, 2024 11:31 AM IST
തിരുവനന്തപുരം: ഭരണ-പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം പ്രതിപക്ഷ പ്രതിഷേധത്തോടെയാണ് തുടങ്ങിയത്.
പ്രതിപക്ഷ അംഗങ്ങൾ സമർപ്പിച്ച നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾ നക്ഷത്ര ചിഹ്നം ഇല്ലാത്ത ചോദ്യങ്ങളാക്കി മാറ്റിയതിലാണ് സഭയിൽ ഇന്ന് രാവിലെ തന്നെ പ്രതിപക്ഷ നേതാവ് വിമർശനം ഉന്നയിച്ചത്.
മന്ത്രിമാര്‍ ചോദ്യത്തിന് ഉത്തരം നല്കാതിരിക്കാനാണ് ഇത്തരത്തില്‍ നടപടിയെങ്കില്‍ പ്രതിപക്ഷം ചോദ്യം ചോദിക്കില്ലെന്ന് തീരുമാനിക്കേണ്ടി വരും. സ്പീക്കറുടെ മുന്‍കാല റൂളിംഗുകള്‍ ലംഘിച്ചു കൊണ്ടുള്ളതാണ് നടപടിയെന്നും വി.ഡി. സതീശന് പറഞ്ഞു.
എന്നാല്‍ ഇതില്‍ യാതൊരു വിധത്തിലുള്ള വിവേചനവും ചെയര്‍ കാണിച്ചിട്ടില്ലെന്ന് സ്പീക്കര്‍ അറിയിച്ചു. ഭരണപക്ഷ എംഎല്‍എമാര്‍ സമര്‍പ്പിക്കുന്ന നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ ചട്ടം 36(2) പ്രകാരം നക്ഷത്ര ചിഹ്നമിടാത്ത ചോദ്യമാക്കി മാറ്റിയിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ പരാതിയില്‍ ഉന്നയിച്ചിട്ടുള്ള പരാതിയില്‍ നോട്ടീസുകളുടെയും അഭ്യൂഹങ്ങളുടെയും അടിസ്ഥാനത്തിലും, തദ്ദേശീയ പരിഗണന മാത്രമുള്ളത് പരിഗണിച്ചാണ് നക്ഷത്ര ചിഹ്നം ഒഴിവാക്കിയിട്ടുള്ളത്. ഇതില്‍ മനപൂര്‍വമായ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും സ്പീക്കര്‍ പറഞ്ഞു.
ചോദ്യം സംബന്ധിച്ച നോട്ടീസിന് സഭയില്‍ മറുപടി പറയുംവരെ പ്രതികരണമോ പ്രചാരണമോ പാടില്ലെന്ന നിയമസഭാ ചട്ടവും സ്പീക്കര്‍ സഭയില്‍ ഓര്‍മിപ്പിച്ചു. എന്നാൽ സ്പീക്കറുടെ വിശദീകരണത്തിൽ തൃപ്തരാകാതെ പ്രതിപക്ഷം പ്രതിഷേധിച്ചു.
ക്രമസമാധാനച്ചുമതലയുള്ള എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ട വിഷയം പ്രാധാന്യമുള്ള ചോദ്യമല്ലെന്നാണോ സ്പീക്കർ പറയുന്നതെന്ന് വി.ഡി. സതീശൻ ചോദിച്ചു. പിന്നാലെ, പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങി മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡും ബാനറുമുയര്ത്തിയും പ്രതിഷേധിച്ചു. ഇതിനിടെ മുഖ്യമന്ത്രി മറുപടിപ്രസംഗം തുടർന്നു.
പ്രതിപക്ഷ അംഗങ്ങൾ കൂട്ടായി ബഹളം ഉണ്ടാക്കിയപ്പോൾ "ആരാണ് പ്രതിപക്ഷ നേതാവ്?' എന്ന് സ്പീക്കർ ചോദിച്ചത് വലിയ വിവാദമായി. സ്പീക്കറുടെ ചോദ്യത്തിനെതിരെ കടുത്ത ഭാഷയിൽ പ്രതിപക്ഷ നേതാവ് പ്രതികരിച്ചെങ്കിലും ആ പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കി.
തന്റെ പദവിക്ക് അപമാനകരമായ ചോദ്യമാണ് സ്പീക്കർ ചോദിച്ചതെന്ന് സതീശൻ കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന്റെ അവകാശമാണ് സ്പീക്കർ ഹനിച്ചത്. ഭരണപക്ഷത്തിന് സ്പീക്കർ കൂട്ടുനിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച അംഗങ്ങൾ സ്പീക്കറുടെ മുഖം മറച്ച് ബാനർ ഉയർത്തി. പ്രതിപക്ഷ അംഗങ്ങൾക്ക് ഈ ഘട്ടത്തിൽ ചോദ്യം ചോദിക്കാൻ സ്പീക്കർ അവസരം നൽകിയില്ല. ഇത് സംബന്ധിച്ച് ചോദ്യമുയർന്നപ്പോൾ സീറ്റിൽ പോയിരുന്നാൽ മാത്രമേ മൈക്ക് ഓൺ ചെയ്യൂ എന്ന് സ്പീക്കർ നിലപാടെടുത്തു. ഇതോടെ പ്രതിപക്ഷ നേതാവ് ഇടപെട്ട് പ്രതിപക്ഷ അംഗങ്ങളോട് സീറ്റുകളിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവ് സ്പീക്കറെ അപമാനിച്ചുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സഭയുടെ ചരിത്രത്തിൽ ഇതുവരെയുണ്ടാകാത്ത അധിക്ഷേപ വാക്കുകളാണ് സ്പീക്കറെക്കുറിച്ച് പ്രതിപക്ഷനേതാവ് പറഞ്ഞത്. പരസ്പര ബഹുമാനം നിലനിർത്തണം. നിലവാരമില്ലാത്ത പ്രതിപക്ഷ നേതാവാണ് താനെന്ന് അദ്ദേഹം തെളിയിച്ചു. അതിന്റെ മൂർധന്യദിശയാണ് ഇപ്പോള്‍ കണ്ടത്. എത്രമാത്രം അധഃപതിക്കാം എന്നാണ് പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ തെളിയിക്കുന്നത്. സഭ ഇത് അവജ്ഞയോടെ തള്ളുന്നു. ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു.
ഒരു ചോദ്യവും വെട്ടിയിട്ടില്ലെന്നും, ഒരു ചോദ്യത്തിനും ഉത്തരം മറച്ചു വെക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ, മുഖ്യമന്ത്രിക്ക് രൂക്ഷഭാഷയിൽ പ്രതിപക്ഷ നേതാവ് മറുപടി പറഞ്ഞു.
മുഖ്യമന്ത്രിയുടെ അഴിമതി വിരുദ്ധ പ്രസംഗം ചെകുത്താൻ വേദമോതുന്നത് പോലെയെന്ന് സതീശൻ കുറ്റപ്പെടുത്തി. നിലവാരമില്ലായ്മ എന്തെന്നറിയാൻ സ്വയം കണ്ണാടിയിൽ നോക്കണം. ഭരണപക്ഷത്തിന്റെ നിലവാരത്തിലേക്ക് താഴാതിരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതോടെ, സതീശൻ കാപട്യത്തിന്റെ മൂർത്തികമാണെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. തന്നോട് കണ്ണാടിയിൽ നോക്കാനൊന്നും പറയണ്ട, അതൊന്നും ഇങ്ങോട്ട് വേണ്ടെന്നും ഏശില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിലുള്ള വാക്പോരിനു പിന്നാലെ സഭയിൽ കൈയാങ്കളിയും അരങ്ങേറി. പ്രതിപക്ഷം സ്പീക്കറുടെ ഡയസിലേക്ക് കയറാൻ ശ്രമിച്ചു. വാച്ച് ആൻഡ് വാർഡുമായി ഉന്തും തള്ളുമുണ്ടായി. മാത്യു കുഴൽനാടനും അൻവർ സാദത്തും ഐ.സി. ബാലകൃഷ്ണനും സ്പീക്കറുടെ ഡയസിൽ കയറി. ബഹളത്തെ തുടർന്ന് സഭ ഇന്നത്തേക്കു പിരിഞ്ഞു.