ലഹരി ഇടപാടെന്ന് സംശയം; കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശ് അറസ്റ്റിൽ
Monday, October 7, 2024 8:32 AM IST
കൊച്ചി: കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ലഹരിവസ്തുക്കള്‍ കൈവശം വെച്ചതിനാണ് അറസ്റ്റ്. കഴിഞ്ഞദിവസം കൊച്ചിയില്‍ നിന്ന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
നര്‍ക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്ട് പ്രകാരമാണ് അറസ്റ്റ്. ഓം പ്രകാശിനൊപ്പം പിടിയിലായ ഷിഹാസ് എന്നയാളില്‍ നിന്ന് പോലീസ് ലഹരിമരുന്ന് പിടികൂടിയിരുന്നു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
തിരുവനന്തപുരം കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഓം പ്രകാശിന്റെ സാന്നിധ്യം രണ്ട് ദിവസമായി കൊച്ചിയില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പരിശോധന തുടങ്ങിയിരുന്നു. പഞ്ചനക്ഷത്ര ഹോട്ടലില്‍ ലഹരി ഇടപാടെന്ന സംശയത്തിലാണ് നാര്‍ക്കോട്ടിക് വിഭാഗം പരിശോധന നടത്തിയത്.
മരട് പോലീസാണ് കഴിഞ്ഞദിവസം ഓം പ്രകാശിനെ കസ്റ്റഡിയില്‍ എടുത്തത്. ബോള്‍ഗാട്ടിയിലെ ഡിജെ പരിപാടിക്ക് എത്തിയതാണെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. ഓം പ്രകാശ് ഹോട്ടലിലുണ്ടായ സമയത്ത് ചില സിനിമ താരങ്ങളും ഇവിടെ എത്തിയിരുന്നു എന്ന് വിവരമുണ്ട്. ഇവരുമായി ഇയാൾക്ക് ബന്ധമുണ്ടോ എന്നും പോലീസ് പരിശോധിച്ച് വരികയാണ്.
പാറ്റൂര്‍ ഗുണ്ടാ ആക്രമണ കേസിലെ മുഖ്യപ്രതിയായിരുന്ന ഓം പ്രകാശിനെ ഒരുമാസം മുന്‍പ് തിരുവനന്തപുരത്ത് വാഹനാപകടവുമായി ബന്ധപ്പെട്ട കേസിലും പോലീസ് കസ്റ്റഡിയിലായിരുന്നു.