ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങി; ഇന്ത്യയ്ക്ക് അനായാസ വിജയം
Sunday, October 6, 2024 10:21 PM IST
ഗ്വാളിയർ: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം. സ്കോർ: ബംഗ്ലാദേശ് 127(19.5) ഇന്ത്യ 132/3(11.5). ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലദേശ് 19.5 ഓവറിൽ 127 റൺസിന് എല്ലാവരും പുറത്തായി. 128 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 11.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു.
മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ വരുൺ ചക്രവർത്തി, അർഷ്ദീപ് സിംഗ് എന്നിവർ കളം നിറഞ്ഞതോടെ ബംഗ്ലാ കടുവകളെ ചെറിയ സ്കോറിൽ ഒതുക്കാൻ ഇന്ത്യയ്ക്കായി. തകർച്ചയോടെയായിരുന്നു ബംഗ്ലാദേശിന്റെ തുടക്കം. ലിറ്റണ്‍ ദാസിനെയും പര്‍വേസ് ഹൊസൈന്‍ ഇമോനെയും തുടക്കത്തിലേ പുറത്താക്കി അര്‍ഷ്ദീപ് സിംഗ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്.
32 പന്തിൽ മൂന്നു ഫോറുകൾ ഉൾപ്പടെ 35 റൺസെടുത്ത മെഹ്ദി ഹസൻ മിറാസാണ് ബംഗ്ലദേശിന്റെ ടോപ് സ്കോറർ. ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്റോ 27 റൺസെടുത്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് മികച്ച തുടക്കം ലഭിച്ചു. ഒന്നാം വിക്കറ്റില്‍ സഞ്ജു - അഭിഷേക് ശര്‍മ (16) സഖ്യം 25 റണ്‍സ് ചേര്‍ത്തു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അഭിഷേക് റണ്ണൗട്ടായി.
മൂന്നാമതെത്തിയ സൂര്യ വേഗത്തില്‍ റണ്‍സുയര്‍ത്തി. സഞ്ജുവിനൊപ്പം 40 റണ്‍സാണ് സൂര്യ ചേര്‍ത്തത്. 14 പന്തുകള്‍ മാത്രം നേരിട്ട സൂര്യ മൂന്ന് സിക്സും രണ്ട് ഫോറും ഉൾപ്പടെ 29 റൺസ് നേടി. എന്നാല്‍ ആറാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു. എട്ടാം ഓവറിലാണ് സഞ്ജു(29) മടങ്ങുന്നത്.
മെഹിദി ഹസന് മിറാസിനെ കൂറ്റനടിക്ക് ശ്രമിച്ച് റിഷാദ് ഹുസൈന് ക്യാച്ച് നല്‍കുയായിരുന്നു സഞ്ജു. 19 പന്തുകള്‍ നേരിട്ട താരം ആറ് ബൗണ്ടറികള്‍ നേടി. സഞ്ജു മടങ്ങിയെങ്കിലും നിതീഷ് റെഡ്ഡിയെ (15 പന്തില്‍ 16) കൂട്ടുപിടിച്ച് ഹാര്‍ദിക് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. 16 പന്തില്‍ 39 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
അർഷ്ദീപ് സിംഗിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു. ജയത്തോടെ ഇന്ത്യ പരമ്പരയിൽ 1-0 മുന്നിലെത്തി.