പോലീസിൽ നടക്കുന്നത് അജിത് കുമാറിന്റെ സംഹാരതാണ്ഡവം: പി.വി.അൻവർ
Sunday, October 6, 2024 8:23 PM IST
മലപ്പുറം: ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരളയുടെ നയ പ്രഖ്യാപന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനും എഡിജിപി അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കുമെതിരെ രൂക്ഷവിമർശനവുമായി പി.വി.അൻവർ എംഎൽഎ. പോലീസ് ഹെഡ്ക്വാട്ടേഴ്സിൽ അജിത് കുമാറിന്റെ സംഹാര താണ്ഡവമാണെന്നും എഡിജിപിക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രിക്ക് ഭയമാണെന്നും അൻവര്‍ ആരോപിച്ചു.
പൂരം കലക്കി ബിജെപിക്ക് ഒരു ലോക്സഭാ സീറ്റ് വാങ്ങി കൊടുക്കുന്ന ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞാണ് താൻ പരാതി നല്‍കിയത്. അന്വേഷണ റിപ്പോര്‍ട്ട് വന്നശേഷം തീരുമാനം എന്നാണ് മുഖന്ത്രി പറഞ്ഞത്. 30 ദിവസം കഴിഞ്ഞ് 32 ദിവസമായിട്ടും ഇതുവരെ ഇക്കാര്യത്തിൽ നടപടിയുണ്ടായിട്ടില്ല. 30 ദിവസം കഴിഞ്ഞ് അന്വേഷണ റിപ്പോര്‍ട്ട് വന്നാൽ നടപടിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
പൂരം കലക്കൽ റിപ്പോര്‍ട്ടിൽ എഡിജിപി അജിത് കുമാറിന് വീഴ്ചയുണ്ടായെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ യാതൊരു നടപടിയും സര്‍ക്കാര്‍ അജിത് കുമാറിനെതിരെ എടുത്തില്ല. ഈ വിഷയത്തിൽ ശക്തമായ നിലപാട് എടുത്തിരുന്ന സിപിഐക്ക് ഇപ്പോൾ മിണ്ടാട്ടമില്ല. തമിഴ്നാട്ടിൽ പോയി ഡിഎംകെയുമായി ചർച്ച നടത്തി. ആർഎസ്എസിനെ തമിഴ്നാട്ടിൽ കയറി ഇരിക്കാൻ ഡിഎംകെ അനുവദിച്ചിട്ടില്ല. ബിജെപിയെ നോട്ടക്ക് പിന്നിൽ ആക്കിയ നേതാവിനെ ആണ് ഞാൻ തെരഞ്ഞുപോയത്.
ഡിഎംകെയുമായുള്ള തന്റെ സഹകരണത്തെ തടയാൻ ശ്രമിക്കുകയാണ് ഫാസിസത്തിന്റെ മറ്റൊരു മുഖം എന്ന് അൻവർ ആരോപിച്ചു. തമിഴ്നാട്ടിൽ സഖ്യകക്ഷികള്‍ക്ക് നിർലോഭം സീറ്റ് കൊടുത്തവരാണ് ഡിഎംകെ. ബിജെപി സർവശക്തിയും എടുത്തു കോയമ്പത്തൂരിൽ ഇറങ്ങിയപ്പോൾ സിപിഎമ്മിന് പാർട്ടിയുടെ ഉറച്ച കോട്ട കൊടുത്തവരാണ് ഡിഎംകെ. അതേസമയത്ത് തൃശൂരിൽ ബിജെപിക്ക് മുഖ്യമന്ത്രി പരവതാനി വിരിച്ചു കൊടുക്കുകയാണ് ചെയ്തത്. ഇക്കാര്യം മുഖ്യമന്ത്രിയോട് നേർക്കുനേർ നിന്നു പറയും. സംഘപരിവാറിനെ ശക്തമായി പ്രതിരോധിക്കുന്ന ഒരു മുഖ്യമന്ത്രിയാണ് എം.കെ.സ്റ്റാലിൻ.
ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരളയുമായി സഹകരിച്ച് പ്രവർത്തിക്കാൻ സ്റ്റാലിനോട് ആവശ്യപ്പെട്ടെന്നും അൻവർ പറഞ്ഞു. പാലക്കാട് ചേലക്കര ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയിൽ എത്തി. പാലക്കാട് സിപിഎമ്മിന്റെ വോട്ടുകൾ ബിജെപിക്ക് നൽകും. ചേലക്കരയിൽ ബിജെപി വോട്ടുകൾ സിപിഎമ്മിനും നൽകാനാണ് ധാരണ. എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലാണ് ഇതെല്ലാം നടക്കുന്നത്.
കേരളാ നിയമസഭയിൽ ബിജെപിക്ക് വീണ്ടും അക്കൗണ്ട് തുറക്കാൻ സിപിഎം വഴി ഒരുക്കുകയാണ്. എഡിജിപിയുടെ ഭൂമി ഇടപാടിൽ 35 ലക്ഷം രൂപ പണമായിത്തന്നെ നേരിട്ട് കൈമാറി. 100 രൂപ പോലും അക്കൗണ്ട് വഴി കൊടുത്തില്ല. തെളിവുകൾ കൊടുത്തിട്ടും നടപടിയില്ല. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള പൊളിറ്റിക്കൽ പാർട്ടിയല്ലെന്നും അൻവര്‍ ആരോപിച്ചു.