ത്രില്ലര്‍ പോരിൽ പാക്കിസ്ഥാനെ വീഴ്ത്തി; ഇന്ത്യയ്ക്ക് തകർപ്പൻ ജയം
Sunday, October 6, 2024 7:21 PM IST
ദുബായ്: വനിതാ ടി20 ലോകകപ്പിൽ പാക്കിസ്ഥാനെ ആറുവിക്കറ്റിന് തകർത്ത് ഇന്ത്യക്ക് തകർപ്പൻ ജയം. സ്കോർ: പാക്കിസ്ഥാൻ 105/8 ഇന്ത്യ 108/4 (18.5). ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 105 റൺസ് നേടി.
മറുപടി ബാറ്റിങ്ങിൽ ഏഴു പന്തും ആറു വിക്കറ്റും ബാക്കിയാക്കി ഇന്ത്യ വിജയത്തിലെത്തി. 35 പന്തിൽ മൂന്നു ഫോറുകൾ സഹിതം 32 റൺസെടുത്ത ഓപ്പണർ ഷഫാലി വർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 24 പന്തിൽ ഒരു ഫോർ സഹിതം 29 റൺസെടുത്ത് റിട്ടയേർഡ് ഹർട്ടായി മടങ്ങി.
28 പന്തിൽ 23 റൺസ് നേടിയ ജമീമ റോഡ്രിഗസും മികച്ച പ്രകടനം പുറത്തെടുത്തു. മലയാളി താരം സജന സജീവനാണ് വിജയറണ്‍ നേടിയത്. പാക് ക്യാപ്റ്റന്‍ ഫാത്തിമ സനയാണ് ഇന്ത്യയെ കുഴക്കിയത്. താരം രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി. പാക്കിസ്ഥാൻ തകർച്ചയോടെയാണ് ബാറ്റിംഗ് തുടങ്ങിയത്.
34 പന്തിൽ ഒരു ഫോർ സഹിതം 28 റൺസെടുത്ത നിദ ദറാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ. എട്ടാം വിക്കറ്റിൽ സയ്ദ അറൂബ് ഷായ്ക്കൊപ്പം 29 പന്തിൽ 28 റൺസ് കൂട്ടിച്ചേർത്താണ് നിദ പാക്കിസ്ഥാനെ 100 കടത്തിയ്. പാക് നിരയിൽ നാലുതാരങ്ങൾക്കു മാത്രമാണ് രണ്ടക്കത്തിലെത്താൻ കഴിഞ്ഞത്.
ഇന്ത്യയ്ക്കായി അരുദ്ധതി റെഡ്ഡി മൂന്നും ശ്രേയങ്ക പാട്ടീൽ രണ്ടും മലയാളി താരം ആശ ശോഭന ഒരു വിക്കറ്റും വീഴ്ത്തി. അരുദ്ധതി റെഡ്ഡിയെ കളിയിലെ താരമായി തെരഞ്ഞെടുത്തു. ആദ്യ മത്സരത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനോട് തോറ്റിരുന്നു.