കെ.സുരേന്ദ്രന് ആശ്വാസം: മഞ്ചേശ്വരം കോഴക്കേസില്‍ കോടതി കുറ്റവിമുക്തനാക്കി
Saturday, October 5, 2024 12:01 PM IST
കാസര്‍ഗോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ കോടതി കുറ്റവിമുക്തനാക്കി. കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയുടേതാണ് തീരുമാനം. കേസില്‍ സുരേന്ദ്രന് അടക്കമുള്ള ആറ് പ്രതികളുടെയും വിടുതല്‍ ഹര്‍ജി കോടതി അംഗീകരിക്കുകയായിരുന്നു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍ത്തിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.
എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് സുരേന്ദ്രനും മറ്റു അഞ്ച് പ്രതികളും 2023 സെപ്റ്റംബറില്‍ കോടതിയെ സമീപിക്കുകയായിരുന്നു. സുരേന്ദ്രനു പുറമേ യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, ബിജെപി സംസ്ഥാന സമിതി അംഗം വി.ബാലകൃഷ്ണ ഷെട്ടി, പ്രാദേശിക നേതാക്കളായ സുരേഷ് നായിക്, കെ.മണികണ്ഠ റൈ, ലോകേഷ് നോഡ എന്നിവരാണു മറ്റു പ്രതികളായി കുറ്റപത്രത്തിലുണ്ടായിരുന്നത്.
കേസ് രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണെന്നും നിലനില്‍ക്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കേസ് നിലനില്‍ക്കില്ലെന്ന പ്രതികളുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.