മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കറും മൂന്ന് എംഎൽഎമാരും സെക്രട്ടേറിയറ്റിന്റെ മുകളിൽ നിന്ന് ചാടി
Friday, October 4, 2024 11:38 PM IST
മുംബൈ: സംവരണ പ്രക്ഷോഭത്തിനിടെ മഹാരാഷ്ട്ര സെക്രട്ടേറിയറ്റിന്റെ മുകളിൽ നിന്ന് ഡെപ്യൂട്ടി സ്പീക്കറും മൂന്ന് എംഎൽഎമാരും താഴേക്ക് ചാടി. ഒന്നാം നിലയിൽ സ്ഥാപിച്ചിരുന്ന സുരക്ഷാ വലയിലേക്ക് ഇവർ വീണതിനാൽ ആർക്കും പരിക്കില്ല.
ഒബിസി വിഭാഗത്തില്‍പ്പെട്ട ധാംഗർ സമുദായത്തിന് പട്ടിക വര്‍ഗ സംവരണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധത്തിലാണ്. മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ അധ്യക്ഷതയില്‍ മന്ത്രിസഭായോഗം ചേരുന്നതിനിടെ ഗോത്രവിഭാഗത്തില്‍പ്പെട്ട എംഎല്‍എമാരുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
ഇതിനിടെയാണ് ഡെപ്യൂട്ടി സ്പീക്കർ നർഹരി സിർവാളും മറ്റ് മൂന്ന് ജനപ്രതിനിധികളും സെക്രട്ടേറിയറ്റ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ കയറിയ ശേഷം താഴേക്ക് ചാടിയത്. എന്നാൽ സെക്രട്ടേറിയറ്റിൽ ആത്മഹത്യാ ശ്രമങ്ങൾ തടയാൻ ലക്ഷ്യമിട്ട് 2018ൽ സുരക്ഷാ വലകൾ സ്ഥാപിച്ചിരുന്നു.
കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ഈ വലകളുള്ളത്. മൂന്നാം നിലയിൽ നിന്ന് ചാടിയ ഡെപ്യൂട്ടി സ്പീക്കറും മറ്റ് മൂന്ന് ജനപ്രതിനിധികളും ഈ വലയിലേക്കാണ് വീണത്.