ബാറ്റ്സ്മാൻമാർ കളി മറന്നു; ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി
Friday, October 4, 2024 11:20 PM IST
ദുബായ്: വനിതാ ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് തോൽവിയോടെ തുടക്കം. ഗ്രൂപ്പ് എയിൽ ആദ്യ മത്സരത്തിൽ കരുത്തരായ ന്യൂസിലൻഡിനോട് 58 റൺസിനാണ് ഇന്ത്യ തോറ്റത്. സ്കോര്‍: ന്യൂസിലന്‍ഡ് 160/4, ഇന്ത്യ 102/10 (19 ഓവര്‍).
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് നേടി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 19 ഓവറിൽ 102 റൺസിന് എല്ലാവരും പുറത്തായി. 14 പന്തിൽ രണ്ടു ഫോറുകൾ സഹിതം 15 റൺസെടുത്ത ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് ഇന്ത്യയുടെ ടോപ് സ്കോറർ.
സ്മൃതി മന്ഥന (13 പന്തിൽ 12), ജമീമ റോഡ്രിഗസ് (11 പന്തിൽ 13), റിച്ച ഘോഷ് (19 പന്തിൽ 12), ദീപ്തി ശർമ (18 പന്തിൽ 13) എന്നിവരും രണ്ടക്കത്തിലെത്തി. ഷഫാലി വർമ (രണ്ട്), അരുദ്ധതി റെഡ്ഡി (ഒന്ന്), പൂജ വസ്ത്രകാർ (എട്ട്), ശ്രേയങ്ക പാട്ടീൽ (ഏഴ്), രേണുക ഠാക്കൂർ സിംഗ് (0) എന്നിവർ തീർത്തും നിരാശപ്പെടുത്തി.
മലയാളി താരം ആശ ശോഭന 10 പന്തിൽ ആറു റൺസുമായി പുറത്താകാതെ നിന്നു. നാല് ഓവറിൽ 19 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ റോസ്മെരി മെയ്റാണ് ഇന്ത്യയെ തകർത്തത്. ലീ തഹൂഹു നാല് ഓവറിൽ 15 റൺസ് വഴങ്ങി മൂന്നും ഈഡൻ കേഴ്സൻ നാല് ഓവറിൽ 34 റൺസ് വഴങ്ങി രണ്ടു വിക്കറ്റും വീഴ്ത്തി.
മുന്‍നിര ബാറ്റര്‍മാരെല്ലാം പരാജയപ്പെട്ടതാണ് ഇന്ത്യ തോല്‍വിയിലേക്ക് നയിച്ചത്. ആദ്യം ബാറ്റുചെയ്ത ന്യൂസിലന്‍ഡ് ഇന്ത്യന്‍ ബൗളര്‍മാരെ കണക്കിന് പ്രഹരിച്ചു. അർധസെഞ്ചറി നേടിയ ക്യാപ്റ്റൻ സോഫി ഡിവൈനാണ് ന്യൂസീലൻഡിന് മികച്ച സ്കോർ സമ്മാനിച്ചത്.
36 പന്തുകൾ നേരിട്ട സോഫി ഡിവൈൻ ഏഴു ഫോറുകൾ സഹിതമാണ് 57 റൺസെടുത്തത്. ഇന്ത്യക്കായി രേണുക സിംഗ് നാലോവറില്‍ 27 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ നേടി. അരുന്ധതി റെഡ്ഡി, മലയാളി താരം ആശാ ശോഭന എന്നിവര്‍ ഓരോ വിക്കറ്റും നേടി. ന്യൂസിലൻഡിന്റെ സോഫി ഡിവൈനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.