തൃശൂർ പൂരം കലക്കിയത് ആർഎസ്എസ്; സർക്കാരിന് പിആർ ഏജൻസിയില്ല: എം.വി.ഗോവിന്ദൻ
Friday, October 4, 2024 7:11 PM IST
തിരുവനന്തപുരം: സർക്കാരിന് പിആർ ഏജൻസിയുടെ സഹായം ആവശ്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പിആർ വിവാദം ഹിന്ദു പത്രത്തിന്റെ വിശദീകരണത്തോടെ തീർന്നുവെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയും സർക്കാരും നല്ല നിലയിൽ മുന്നോട്ട് പോകുന്നതിനിടെ അക്രമണങ്ങൾ നേതൃത്വത്തിനെതിരെ ഉണ്ടാകുന്നു.
അതിനായുള്ള പ്രചാരണത്തിന്റെ ഭാഗമാണ് മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ. ഇതിന് വലതുപക്ഷ മാധ്യമങ്ങളും സഹായിക്കുന്നു. ന്യൂനപക്ഷങ്ങൾക്കിടയിൽ മുഖ്യമന്ത്രിക്ക് നല്ല സ്ഥാനമുണ്ട്. ഇതില്ലാതാക്കാൻ ശ്രമം നടക്കുന്നു. ആർഎസ്എസ് ബന്ധമെന്ന പ്രചാരണം ഇതിന്റെ ഭാഗമാണ്. തൃശൂരിൽ യുഡിഎഫ് വോട്ട് ബിജെപിക്ക് ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാർ കേരളത്തിനോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ ഒക്ടോബർ 15 മുതൽ നവംബർ 15 വരെ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. തൃശൂർ പൂരം അലങ്കോലമാക്കാൻ ശ്രമിച്ചത് ആർഎസ്എസാണ്. പൂരം കലക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ട്.
ഇതിൽ ഉദ്യോഗസ്ഥ വീഴ്ചയുമുണ്ടായിട്ടുണ്ടെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. എഡിജിപി എം.ആർ. അജിത് കുമാർ ആർഎസ്എസ് കൂടിക്കാഴ്ചയിൽ അന്വേഷണം അവസാന ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആരോപണം ശരിയെങ്കിൽ കർക്കശമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.