ഇറാനി കപ്പ് ആവേശകരമായ അന്ത്യത്തിലേക്ക്; മുംബൈക്ക് 274 റണ്‍സ് ലീഡ്
Friday, October 4, 2024 6:01 PM IST
ലക്നോ: ഇറാനി കപ്പില്‍ റസ്റ്റ് ഓഫ് ഇന്ത്യക്കെതിരെ മുംബൈക്ക് ലീഡ്. സ്കോർ: മുംബൈ 537,153/6 റസ്റ്റ് ഓഫ് ഇന്ത്യ 416. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്സിൽ മുംബൈ ആറു വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെന്ന നിലയിലാണ്. ഒന്നാം ഇന്നിംഗ്സിൽ മുംബൈ ഉയര്‍ത്തിയ 537 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന റസ്റ്റ് ഓഫ് ഇന്ത്യ 416 റണ്‍സിനു എല്ലാവരും പുറത്തായി.
191 റണ്‍സ് നേടിയ അഭിമന്യൂ ഈശ്വറാണ് ടോപ് സ്കോറര്‍. നിലവില്‍ മുംബൈക്ക് 274 റണ്‍സിന്റെ ലീഡായി. 76 റണ്‍സെടുത്ത് പുറത്തായ പൃഥ്വി ഷായാണ് രണ്ടാം ഇന്നിംഗ്സിൽ മുംബൈയുടെ ടോപ് സ്കോറര്‍. സര്‍ഫറാസ് ഖാന് (ഒന്‍പത്), തനുഷ് കൊട്ടിയന്‍ (20) എന്നിവര്‍ ക്രീസിലുണ്ട്. നാല് വിക്കറ്റ് വീഴ്ത്തിയ സരണ്‍ഷ് ജെയ്നാണ് മുംബൈയെ തകര്‍ത്തത്.
നാലു വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെന്ന നിലയിലാണ് റസ്റ്റ് നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. 393ല്‍ നില്‍ക്കെ ധ്രുവും 396ല്‍ നില്‍ക്കെ അഭിനവും മടങ്ങിയതോടെ കടിഞ്ഞാണ്‍ മുംബൈയുടെ കൈയിലായി. അഭിനവ് 191 റണ്‍സുമായി മടങ്ങി. ധ്രുവ് 93 റണ്‍സിലും വീണു. ഇരുവരും പുറത്തായ ശേഷം കാര്യമായ ചെറുത്തു നില്‍പ്പില്ലാതെ റസ്റ്റ് ഓഫ് ഇന്ത്യയുടെ ഇന്നിംഗ്സ് അവസാനിച്ചു.
സായ് സുദര്ശന് (32), ഇഷാന് കിഷന് (38), ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് (9), ദേവ്ദത്ത് പടിക്കല്‍ (16) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍. ഒമ്പതു റണ്‍സുമായി സരന്‍ഷ് ജയ്ന്‍ പുറത്താകാതെ നിന്നു. ഒന്നാം ഇന്നിംഗ്സിൽ മുംബൈക്ക് വേണ്ടി ഷംസ് മുലാനി, തനുഷ് കൊട്ടിയാന് എന്നിവര്‍ മൂന്നും മോഹിത് അവാസ്തി രണ്ടു വിക്കറ്റും വീഴ്ത്തി.