വയനാടിനു കേന്ദ്രസഹായം ലഭിക്കാത്തത് ദൗര്‍ഭാഗ്യകരമെന്ന് വി.ഡി.സതീശൻ
Friday, October 4, 2024 3:22 PM IST
തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ പ്രതിപക്ഷത്തിന്റെ പൂര്‍ണമായ പിന്തുണയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
വയനാടിന് അർഹമായ സഹായം കേന്ദ്രസർക്കാരിൽനിന്നുണ്ടായില്ലെന്ന് അദ്ദേഹം വിമർശിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനുശേഷം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വലിയൊരു സഹായമുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ പ്രത്യേക സാമ്പത്തിക പാക്കേജാണ് പ്രതീക്ഷിച്ചതെങ്കിലും താല്ക്കാലികമായ ഒരു അലോക്കേഷന് പോലും കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഉണ്ടാകാത്തത് ദൗര്‍ഭാഗ്യകരമാണ്.
വയനാട്-വിലങ്ങാട് ദുരന്തങ്ങളില്‍ ജീവന് നഷ്ടമായവര്‍ക്ക് നിയമസഭയിൽ ചരമോപചാരം അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കുറെക്കൂടി വേഗത്തിലാകണം. അത് വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തരുതെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ദുരന്തം മനസിലുണ്ടാക്കിയ നോവ് നമ്മുടെ ജീവിതാവസാനംവരെ കൂടെയുണ്ടാകുമെന്ന് സതീശൻ പറഞ്ഞു.