ശബരിമല വിമാനത്താവളം: സാമൂഹികാഘാത പഠനം അടുത്തയാഴ്ച തുടങ്ങും
Friday, October 4, 2024 12:44 PM IST
കൊച്ചി: നിർദിഷ്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായുള്ള സാമൂഹികാഘാത പഠനം അടുത്തയാഴ്ച തുടങ്ങും. കൊച്ചി തൃക്കാക്കര ഭാരതമാതാ കോളജിലെ ഭാരതമാതാ സ്കൂൾ ഓഫ് സോഷ്യൽ വർക്ക് വിഭാഗമാണ് പഠനം നടത്തുന്നത്. 15 പേരുടെ സംഘമാണ് പരിശോധന നടത്തുന്നത്.
സെപ്റ്റംബർ പത്തിനാണ് ശബരിമല വിമാനത്താവളത്തിനുള്ള സ്ഥലമേറ്റെടുപ്പിനും സാമൂഹികാഘാത പഠനത്തിനുമുള്ള പുതിയ ഗസറ്റ് വിജ്ഞാപനം സർക്കാർ ഇറക്കിയത്. 2023 ജനുവരി 23ന് ഇറക്കിയ പ്രാഥമിക വിജ്ഞാപനം റദ്ദാക്കിയാണു സർക്കാർ പുതിയ വിജ്ഞാപനം ഇറക്കിയത്.
പ്രാഥമിക വിജ്ഞാപനത്തിലെയും സാമൂഹികാഘാത പഠനം നടത്താൻ ഏജൻസിയെ നിശ്ചയിച്ചതിലെയും പിഴവു ചൂണ്ടിക്കാട്ടി അയന ചാരിറ്റബിൾ ട്രസ്റ്റ് ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ആദ്യ വിജ്ഞാപനം റദ്ദാക്കിയത്. വിമാനത്താവളത്തിനായി സർക്കാർ ഏറ്റെടുക്കുന്ന ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമകളായ ബിലീവേഴ്സ് ചർച്ചിനു കീഴിലുള്ള ട്രസ്റ്റാണ് അയന.