മൈനാഗപ്പള്ളി കാർ അപകടം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി
Thursday, October 3, 2024 3:46 PM IST
കൊല്ലം: മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രികയായ യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി. ഗൗരവതരമായ കുറ്റകൃത്യം എന്ന നിലയിൽ കൂടുതല്‍ വിശദീകരണത്തിന് അനുവദിക്കാതെയാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അപേക്ഷ തള്ളിയത്.
മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയത് ബോധപൂർവമുള്ള കുറ്റമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മനഃപൂർവമുള്ള നരഹത്യാ കുറ്റമാണ് അജ്മലിനെതിരെ ചുമത്തിയിട്ടുള്ളത്.
ആള്‍ക്കൂട്ട ആക്രമണം ഭയന്നാണ് കാര്‍ നിര്‍ത്താതിരുന്നതെന്ന ന്യായമാണ് പ്രതി കോടതിയില്‍ അറിയിച്ചത്. എന്നാല്‍ സംസ്ഥാനം മുഴുവന്‍ നടക്കുന്ന വാഹനാപകടങ്ങളില്‍ പ്രതികള്‍ ഈ നിലപാട് സ്വീകരിച്ചാൽ എന്താവും സ്ഥിതിയെന്ന് കോടതി ചോദിച്ചു.
ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് പ്രതിഭാഗം സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. കേസിലെ രണ്ടാം പ്രതിയായിരുന്ന ഡോ. ശ്രീക്കുട്ടിക്ക് കോടതി കഴിഞ്ഞ ദിവസം ജാമ്യം നൽകിയിരുന്നു. പ്രേരണാ കുറ്റമാണ് ശ്രീക്കുട്ടിക്ക് മേൽ കോടതി ചുമത്തിയിരിക്കുന്നത്.