ചിരിച്ചാൽ പോരാ... ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി വ്യക്തമായ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ്
Thursday, October 3, 2024 2:34 PM IST
തിരുവനന്തപുരം: ദ ഹിന്ദുവില്‍ വന്ന അഭിമുഖത്തേക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞ കാര്യങ്ങള്‍ വിശ്വസിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി വ്യക്തമായ മറുപടി പറയണം. പ്രധാനപ്പെട്ട ചോദ്യങ്ങളിൽനിന്നും ചിരിച്ച് രക്ഷപ്പെടാൻ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്നും സതീശൻ പറഞ്ഞു.
ദേവകുമാറിന്റെ മകന് പറഞ്ഞിട്ടാണോ മുഖ്യമന്ത്രി അഭിമുഖം കൊടുക്കുന്നത്. അങ്ങനെയെങ്കില്‍ പിആര്‍ഡിയും മാധ്യമവിഭാഗവും മീഡിയാ സെക്രട്ടറിയേയുമെല്ലാം പിരിച്ചുവിടട്ടേയെന്നും സതീശന് പറഞ്ഞു.
കൈസണും റിലയന്‍സുമായി ബന്ധമുള്ള ചെറുപ്പക്കാരന് വഴിയാണോ മുഖ്യമന്ത്രി അഭിമുഖം കൊടുക്കേണ്ടത്. മുഖ്യമന്ത്രി ഇന്റര്‍വ്യൂ കൊടുക്കുമ്പോള്‍ പുറത്തുനിന്ന് ആരെങ്കിലും കയറിവരുമോയെന്നും സതീശൻ ചോദിച്ചു.
പറയാത്ത കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പത്രത്തിനെതിരെ മുഖ്യമന്ത്രി കേസ് കൊടുക്കുമോ എന്നും അദ്ദേഹം ചോദിച്ചു. അത്രയും ഗുരുതരമായ ആരോപണമാണ് മുഖ്യമന്ത്രിതന്നെ ഉന്നയിച്ചിരിക്കുന്നത്. രാജ്യത്തെ ജനങ്ങള്‍തമ്മില്‍ ഭിന്നിപ്പുണ്ടാക്കുന്ന ഒരു കാര്യം എഴുതിപ്പിടിപ്പിച്ച ഹിന്ദുവിനെതിരെയും കൈസൺ എന്ന ഏജന്‍സിക്കെതിരായും കേസെടുക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ?
വീണിടത്തുകിടന്നുരുളുകയാണ് മുഖ്യമന്ത്രി. ആയിരംവട്ടം നുണപറഞ്ഞാല്‍ സത്യമാവുമെന്ന ധാരണയാണ് മുഖ്യമന്ത്രിക്ക്. ആരെയാണ് മുഖ്യമന്ത്രി പരിഹസിക്കുന്നതെന്നും സതീശന് ചോദിച്ചു.