വ്യാജ രേഖയുണ്ടാക്കി വിവാഹം കഴിപ്പിച്ചു; പോക്സോ കേസില്‍ വിവാഹ ബ്രോക്കര്‍ അറസ്റ്റില്‍
Monday, September 9, 2024 12:51 AM IST
മാനന്തവാടി: പ്രായപൂര്‍ത്തിയാവാത്ത പട്ടിക വര്‍ഗത്തില്‍ പെട്ട കുട്ടിയുടെ വ്യാജ രേഖയുണ്ടാക്കി ശൈശവ വിവാഹം നടത്തിയ കേസില്‍ വിവാഹ ദല്ലാളായ പൊഴുതന അച്ചൂരാനം കാടംകോട്ടില്‍ വീട്ടില്‍ കെ.സി സുനില്‍ കുമാറിനെ(36)യാണ് അറസ്റ്റു ചെയ്തത്.
പ്രാഥമിക അന്വേഷണത്തില്‍ മാതാപിതാകൾക്ക് നിയമത്തിലുള്ള അജ്ഞത മറയാക്കിയും ബന്ധുക്കള്‍ക്ക് പണം നല്കി സ്വാധീനിച്ചും ആധാര്‍ കാര്‍ഡിന്റെ കോപ്പിയില്‍ ജനന തീയതി തിരുത്തിയുമാണ് വിവാഹം നടത്തിയത്. ഉന്നത ജാതിയിലുള്ള കേസിലെ ഒന്നാം പ്രതിയായ വടകര പുതിയാപ്പ കുയ്യടിയില്‍ വീട്ടില്‍ കെ. സുജിത്തു(40) മായാണ് 2024 ജനുവരിയിൽ വിവാഹം നടത്തിയത്.
ഇതിനായി സുജിത്തില്‍ നിന്നും സുനില്‍ കുമാര്‍ ബ്രോക്കര്‍ ഫീസായി കൂടിയ തുക കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍ പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട കൂടുതല്‍ പെണ്‍കുട്ടികളുടെ ഫോട്ടോകളും കണ്ടെത്തിയിട്ടുണ്ട്.