സുജിത് ദാസ് മരംമുറിച്ചു കടത്തിയെന്ന പരാതി: എസ്ഐയെ മൊഴിയെടുക്കാൻ വിളിപ്പിച്ച് ഡിഐജി
Sunday, September 8, 2024 11:22 AM IST
മലപ്പുറം: മരം മുറിക്കേസിൽ എസ്പി സുജിത് ദാസിനെതിരേ പരാതി നൽകിയ എസ്ഐ ശ്രീജിത്തിനെ മൊഴിയെടുക്കാനായി വിളിപ്പിച്ച് തൃശൂർ ഡിഐജി തോംസൺ ജോസ്. തിങ്കളാഴ്ച തൃശൂർ ഡിഐജി ഓഫീസിൽ നേരിട്ടെത്തി അന്വേഷണ സംഘത്തിന് മൊഴി നൽകണം. കേസുമായി ബന്ധപ്പെട്ട തെളിവുകൾ കൈമാറണമെന്നും ഡിഐജി നിർദേശം നല്കി.
മലപ്പുറം എസ്പിയുടെ ക്യാമ്പ് ഓഫീസിലെ മരങ്ങൾ അനധികൃതമായി മുറിച്ചു കടത്തിയെന്നായിരുന്നു എസ്ഐ ശ്രീജിത്തിന്റെ പരാതി. സ്വർണക്കടത്ത് സംഘങ്ങളെ സഹായിച്ചെന്ന സുജിത് ദാസിന്റെ റിപ്പോർട്ടിനെ തുടർന്ന് സസ്പെൻഷനിലാണ് എസ്ഐ ശ്രീജിത്ത്.