നവകേരള ബസിനു നേരെ ഷൂ ഏറ്; നടപടികളിലേക്ക് പോകേണ്ടിവരും, പിന്നെ വിലപിച്ചിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി
Sunday, December 10, 2023 6:10 PM IST
പെരുമ്പാവൂർ: നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിനു നേരെ ഷൂ എറിഞ്ഞ് കെഎസ്യു പ്രവർത്തകർ. കോതമംഗലത്തേക്കുള്ള യാത്രക്കിടെ ഓടക്കാലിൽ വച്ചായിരുന്നു ഷൂ കൊണ്ടുള്ള ഏറ്.
ഇതേത്തുടർന്ന് പ്രതിഷേധക്കാർക്കു നേരേ പോലീസ് ലാത്തിവീശി. സ്ഥലത്തുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധക്കാരെ മർദ്ദിക്കുകയും ചെയ്തു. പോലീസ് നോക്കിനിൽക്കെയായിരുന്നു സംഭവം.
അതേസമയം കെഎസ്യു പ്രവർത്തകർ ഷൂ എറിഞ്ഞതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ കടുത്ത ഭാഷയിൽ പ്രതികരിച്ചു. നവകേരള സദസിനെ മറ്റൊരു രീതിയിൽ തിരിച്ചുവിടാനാണു നീക്കമെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
ഷൂ ഏറിലേക്കു പോയാൽ മറ്റു നടപടികളിലേക്കു കടക്കേണ്ടി വരുമെന്നും പിന്നെ വിലപിച്ചിട്ടു കാര്യമില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നൽകി. കോതമംഗലത്ത് നവകേരള സദസിൽ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഷൂ ഏറിനേക്കുറിച്ചും പ്രതികരിച്ചത്.