കേരളവും പഞ്ചാബുമായി പരസ്പരസഹകരണത്തിന് സാധ്യതയുളള മേഖലകള്‍ കണ്ടെത്തണം: മുഖ്യമന്ത്രി
Saturday, July 27, 2024 12:54 AM IST
തിരുവനന്തപുരം: പഞ്ചാബിൽ നിന്നെത്തിയ പ്രതിനിധി സംഘം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാന പ്രവാസികാര്യ വകുപ്പിന്റെയും നോര്‍ക്ക റൂട്ട്സിന്റെയും പ്രവർത്തനങ്ങൾ മനസിലാക്കുന്നതിനായാണ് സംഘം കേരളത്തിൽ എത്തിയത്.
പഞ്ചാബ് പ്രവാസികാര്യ മന്ത്രി കുൽദീപ് സിംഗ് ധലിവാളിന്റെ നേതൃത്വത്തിലുളള ഏഴംഗ സംഘമാണ് ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടത്. പ്രവാസികാര്യ വിഷയങ്ങളിലും കുടിയേറ്റ പ്രവണതകളിലും നിരവധി സമാനതകളുള്ള സംസ്ഥാനങ്ങളാണ് കേരളവും പഞ്ചാബുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളവും പഞ്ചാബുമായി പരസ്പരസഹകരണത്തിന് സാധ്യതയുളള മേഖലകള്‍ കണ്ടെത്തണം. പ്രവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും അവർ നേരിടുന്ന പ്രശ്നങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ സഹകരണത്തോടെ പരിഹാരം കാണുന്നതിലും ഒത്തൊരുമയോടെ പ്രവർത്തിക്കാൻ കൂടിക്കാഴ്ചയിൽ തീരുമാനമായി.